സാന്‍ഫ്രാസിസ്‌കോ: ആഗോള ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്റലിന്റെ പുതിയ സി.ഇ.ഒ ലിപ്-ബു ടാന്‍ കമ്പനിയിലേക്ക് എത്തുന്നതിന് മുമ്പായി കമ്പനിയുടെ ചിപ്പ് നിര്‍മാണ രീതികളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് മേഖലയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചന. ദീര്‍ഘകാലമായി തകര്‍ച്ചയുടെ വക്കിലായ ഇന്റലിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ സി.ഇ.ഒയുടെ നിയമനം.
പുതിയ പദ്ധതി പ്രകാരം പുനഃക്രമീകരണം നടത്തുന്നതിന്റെ ഭാഗമായി സ്റ്റാഫുകളെ വെട്ടിക്കുറയ്ക്കുന്നതാണ് പ്രധാന മാറ്റം. കഴിഞ്ഞയാഴ്ച സി.ഇ.ഒ ആയി നിയമിതനായ ലിപ്-ബു ടാന്‍ കഴിഞ്ഞ മീറ്റിങ്ങില്‍, കമ്പനി കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു.
ഒരു കാലത്ത് ഇന്റലിനായി മാത്രം ചിപ്പുകള്‍ നിര്‍മിച്ചിരുന്ന കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവീകരിച്ച് നെവാഡിയ പോലുള്ള കമ്പനികള്‍ക്കായി സെമി കണ്ടക്ടറുകള്‍ നിര്‍മിക്കുക എന്ന നിലയിലേക്ക് എത്തുക എന്നത് പുതിയ സി.ഇ.യുടെ പ്രധാന മാറ്റങ്ങളില്‍ ഒന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഗോള ചിപ്പ് നിര്‍മാണ രംഗത്തെ പ്രമുഖനായ ഇന്റല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിസന്ധിയിലായിരുന്നു. 2024ല്‍ ഇന്റല്‍ 19 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1986 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമായിരുന്നു ഇത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ എതിരാളികളായ എന്‍വിഡിയ, എം.എം.ഡി, ക്വാല്‍കോം തുടങ്ങിയ കമ്പനികളില്‍ നിന്ന് ഇന്റല്‍ കുറച്ച് നാളുകളായി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. പതിറ്റാണ്ടുകളായി ലാപ്‌ടോപ്പുകള്‍ മുതല്‍ ഡാറ്റാ സെന്ററുകള്‍ വരെ പ്രധാനമായും ഇന്റ്‌റലിന്റെ ചിപ്പുകളായിരുന്നു ഉപയോഗിച്ചായിരുന്നത്. ചിപ്പ് വിപണിയിലെ ആഗോള ഭീമനായിരുന്നു ഇന്റല്‍.
എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവോടെ എ.ഐ പ്രൊസസറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എന്‍വിഡിയ പോലുള്ള കമ്പനികള്‍ ഇന്റലിന്റെ ആധിപത്യം തകര്‍ത്തു.
ചിപ്പ് ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ കാഡന്‍സിന്റെ മുന്‍ സി.ഇ.ഒയും ടെക് നിക്ഷേപകനുമായ ടാന്‍, കഴിഞ്ഞ ഓഗസ്റ്റ് വരെ ഇന്റലിന്റെ ബോര്‍ഡ് അംഗമായിരുന്നു. മൈക്രോസോഫ്റ്റ് പോലുള്ള മറ്റ് ഡിസൈന്‍ കമ്പനികള്‍ക്കായി ചിപ്പുകള്‍ നിര്‍മിക്കുന്ന ഇന്റല്‍ ഫൗണ്ടറിയിലൂടെ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ടാന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ഇതിന് പുറമെ സെര്‍വറുകള്‍ക്ക് ശക്തി പകരുന്ന ചിപ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ പുനരാരംഭിക്കുകയും സോഫ്റ്റ്‌വെയര്‍, റോബോട്ടിക്സ്, എ.ഐ ഫൗണ്ടേഷന്‍ മോഡലുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ സെര്‍വറുകള്‍ക്കപ്പുറത്തുള്ള മേഖലകള്‍ കമ്പനി പരീക്ഷിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Intel prepares for mass layoffs under new CEO