Entertainment
കുറേ കാര്യങ്ങളില്‍ ഞാന്‍ അജേഷാണ്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 18, 02:09 am
Tuesday, 18th March 2025, 7:39 am

ഈ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാന്‍. കലാസംവിധായകന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയ പൊന്മാന്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ്.

ബേസില്‍ അവതരിപ്പിച്ച അജേഷ് പി.പി. എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്ഥിരമായ കോമഡിവേഷങ്ങള്‍ അവതരിപ്പിച്ച ബേസിലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം പൊന്മാനില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോള്‍ അജേഷ് എന്ന തന്റെ കഥാപാത്രവുമായി തനിക്കുള്ള സാമ്യതകളെ കുറിച്ച് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ബേസില്‍ ജോസഫ്.

കുറേ കാര്യങ്ങളില്‍ താനും അജേഷുമായി സാമ്യതയുണ്ടെന്നും അജേഷിന്റെ ആത്മവിശ്വാസമാണ് തനിക്കെന്നും ബേസില്‍ ജോസഫ് പറയുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അജേഷാകാന്‍ തന്നെ സമീപിച്ചു എന്നത് വലിയ കാര്യമാണ് എന്നും എന്നാല്‍ സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് തന്നെക്കൊണ്ട് ഇത്രയും വലിയ കഥാപാത്രം പുള്‍ ഓഫ് ചെയ്യാന്‍ കഴിയുമോ എന്ന സംശയവും ഉണ്ടായിരുന്നിരിക്കാമെന്നും ബേസില്‍ പറഞ്ഞു.

നമുക്ക് നടക്കില്ല, അസാധ്യമാണെന്ന് തോന്നുന്ന കാര്യം ചെയ്ത് കാണിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടല്ലോ, സിനിമയില്‍ അജേഷും അതുപോലതന്നെ ആണല്ലോ-ബേസില്‍ ജോസഫ്

അസാധ്യമെന്ന് തോന്നുന്ന കാര്യം ചെയ്ത് കാണുമ്പോള്‍ അജേഷിനുണ്ടാകുന്ന എക്‌സൈറ്റ്‌മെന്റ് തന്നെയായിരുന്നു ഈ കഥാപാത്രം ചെയ്യുമ്പോള്‍ തനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ കുറേ കാര്യങ്ങളില്‍ അജേഷാണ്. അജേഷിന്റെ ആത്മവിശ്വാസമാണ് എനിക്കും. ആ ബുക്ക് വായിക്കുമ്പോള്‍ എനിക്ക് കുറെ എക്‌സൈറ്റ്‌മെന്റ് തോന്നിയിരുന്നു. അവര്‍ അജേഷാകാന്‍ എന്റെ അടുത്ത് വന്നു എന്നതും വലിയ കാര്യമാണ്.

ഞാന്‍ കുറേ കാര്യങ്ങളില്‍ അജേഷാണ്. അജേഷിന്റെ ആത്മവിശ്വാസമാണ് എനിക്കും

ജ്യോതിഷേട്ടനൊക്കെ (സംവിധായകന്‍) ഇവനെക്കൊണ്ട് ഇത് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന സംശയവും ഉണ്ടായിരുന്നിരിക്കാം. ഇത് ചെയ്ത് കാണിക്കുക എന്നതായിരുന്നു എന്നെ ആവേശം കൊള്ളിച്ച കാര്യം.

നമുക്ക് നടക്കില്ല, അസാധ്യമാണെന്ന് തോന്നുന്ന കാര്യം ചെയ്ത് കാണിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടല്ലോ, സിനിമയില്‍ അജേഷും അതുപോലതന്നെ ആണല്ലോ,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph says He And His Character Ajesh P P In Ponman Movie