national news
മണിപ്പൂരില്‍ ഗോത്ര നേതാവിനെ അജ്ഞാതര്‍ ആക്രമിച്ചതിന് പിന്നാലെ സംഘര്‍ഷാവസ്ഥ; കര്‍ഫ്യൂ ഏര്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Tuesday, 18th March 2025, 7:59 am

ഇംഫാല്‍: മണിപ്പൂരില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഫ്മര്‍ ഗോത്ര സംഘടനാ നേതാവിനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്നാണ് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

നേതാവിനെ അജ്ഞാതര്‍ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തതിന് പിന്നാലെ പ്രദേശവാസികള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ഞായറാഴ്ച വൈകുന്നേരമാണ് സെന്‍ഹാങ് ലംകയിലെ വി.കെ. മോണ്ടിസോറി സമുച്ചയത്തില്‍ വെച്ച് അഞ്ജാതര്‍ ചേര്‍ന്ന് നേതാവിനെ ആക്രമിച്ചത്. ഫ്മര്‍ ഇന്‍പുയി ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് ഫ്മറിനെയാണ് ആക്രമിച്ചത്.

ഇതിന് പിന്നാലെ മണിപ്പൂരില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അനധികൃതമായ ഘോഷയാത്രകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരല്‍, ആയുധങ്ങളോ ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളോ  കൊണ്ടുപോകുന്നത്, തുടങ്ങിയവയെല്ലാം നിരോധിച്ചിട്ടുണ്ട്.

ജില്ലയില്‍ ക്രമസമാധാന ലംഘനം ഉണ്ടാകുമെന്ന ഗുരുതരമായ ആശങ്കയുണ്ടെന്നും ഇത് വിവിധ സമുദായങ്ങള്‍ക്കിടയിലെ സമാധാനത്തിനും ശാന്തതയ്ക്കും ഹാനികരമാകാന്‍ സാധ്യതയുണ്ടെന്നും ജീവനും പൊതു സ്വത്തിനും നാശനഷ്ടങ്ങളുണ്ടാവുമെന്നും ചുരാചന്ദ്പൂര്‍ എസ്.പി പറഞ്ഞു.

അതേസമയം മണിപ്പൂരില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്നുവെന്നും പ്രതിഷേധക്കാര്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിക്കുകയും പുരുഷന്മാര്‍ കൂട്ടമായി വടികളുമായി തെരുവിലിറങ്ങുകയും ചെയ്യുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Tension prevails in Manipur after tribal leader attacked by unidentified assailants; curfew imposed