Entertainment
ഗാനമേളയ്‌ക്കൊക്കെ പോകുമ്പോള്‍ ഏറ്റവും സിംപിളായ ഡ്രസാണ് ഇടുക; കൂട്ടിലിട്ട് വളര്‍ത്തുന്നു എന്ന് കേട്ടിട്ടില്ലേ, അതായിരുന്നു സത്യത്തില്‍: സുജാത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 18, 02:49 am
Tuesday, 18th March 2025, 8:19 am

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

കലാഭവന്റെ ബാലഗാനമേളയിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഗായികയായിരുന്നു സുജാത. എന്നിരുന്നാലും തുടക്കകാലത്ത് സുജാത പാടിയ സിനിമ ഗാനങ്ങള്‍ കുറവായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സുജാത. സ്‌കൂളില്‍ പഠിക്കുന്ന സമയമായതുകൊണ്ടും ഗാനമേളയുടെ തിരക്കുകള്‍ ഉള്ളതുകൊണ്ടും പിന്നെ ചെന്നൈ വരെ പോകാനുള്ള ബുദ്ധിമുട്ടുകൊണ്ടുമായിരുന്നു അന്ന് അധികം സിനിമ പാട്ടുകള്‍ പാടാതിരുന്നതെന്ന് സുജാത പറയുന്നു.

അച്ഛനില്ലാതെ വളരുന്ന പെണ്‍കുട്ടി എന്ന നിയന്ത്രണങ്ങളൊക്കെ കടുത്തതായിരുന്നു. എല്ലാവരോടും പേടിയും സംസാരിക്കാന്‍ ഭയവുമായിരുന്നു – സുജാത

അന്നൊന്നും താന്‍ വലിയ രീതിയില്‍ സംസാരിക്കില്ലെന്നും അച്ഛനില്ലാതെ വളരുന്ന പെണ്‍കുട്ടി എന്ന നിയന്ത്രണങ്ങളൊക്കെ വളരെ കടുത്തതായിരുന്നുവെന്നും സുജാത പറഞ്ഞു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.

‘മലയാളത്തിലും തമിഴിലും പാടാന്‍ അവസരം ലഭിച്ചിട്ടും ആ കാലത്തു പാടിയ പാട്ടുകളുടെ എണ്ണം കുറവായിരുന്നു. അതിന് പ്രധാന കാരണം റിക്കോര്‍ഡിങ്ങിന് ചെന്നൈയിലേക്ക് പോകാന്‍ വലിയ മടിയായിരുന്നു എന്നതാണ്. ഒന്നാമത് സ്‌കൂളില്‍ പഠിക്കുന്ന പ്രായം, ഗാനമേളകളുടെ തിരക്കാണ് രണ്ടാമത്തെ പ്രശ്‌നം.

പക്ഷേ, അതിനെക്കാള്‍ വലിയ പ്രശ്നം മൂന്നാമത്തെയാണ്. അമ്മയും ഞാനും മാത്രമായി രണ്ട് സ്ത്രീകള്‍ക്ക് ചെന്നെയിലേക്ക് പോകാനാകില്ല. അമ്മൂമ്മയും വല്യച്ഛനുമൊക്കെ കൂട്ടുവരുമെങ്കിലും പതിയെ സിനിമാ പാട്ടുകള്‍ പാടുന്നത് ഞങ്ങളങ്ങ് ഒഴിവാക്കി. അന്ന് അത്രയേ വിവരമുണ്ടായിരുന്നുള്ളൂ എന്നും പറയാം.

ഗാനമേളയ്‌ക്കൊക്കെ പോകുമ്പോള്‍ ഏറ്റവും സിംപിളായ ഡ്രസാണ് ഇടുക. പാട്ടെങ്ങാനും മോശമായാല്‍, ‘ഹോ വലിയ ഡ്രസൊക്കെ ചെയ്ത് വന്നിട്ട് പാടി വച്ചിരിക്കുന്നത് കണ്ടില്ലേ’ എന്ന ചോദ്യം കേള്‍ക്കുമോ എന്നായിരുന്നു പേടി

അന്നൊന്നും ഞാന്‍ വലിയ സംസാരക്കാരിയല്ല. കൂട്ടിലിട്ട് വളര്‍ത്തുന്നു എന്ന് കേട്ടിട്ടില്ലേ, അതായിരുന്നു സത്യത്തില്‍. അച്ഛനില്ലാതെ വളരുന്ന പെണ്‍കുട്ടി എന്ന നിയന്ത്രണങ്ങളൊക്കെ കടുത്തതായിരുന്നു. എല്ലാവരോടും പേടിയും സംസാരിക്കാന്‍ ഭയവുമായിരുന്നു.

ഗാനമേളയ്‌ക്കൊക്കെ പോകുമ്പോള്‍ ഏറ്റവും സിംപിളായ ഡ്രസാണ് ഇടുക. പാട്ടെങ്ങാനും മോശമായാല്‍, ‘ഹോ വലിയ ഡ്രസൊക്കെ ചെയ്ത് വന്നിട്ട് പാടി വച്ചിരിക്കുന്നത് കണ്ടില്ലേ’ എന്ന ചോദ്യം കേള്‍ക്കുമോ എന്നായിരുന്നു പേടി. കല്യാണം കഴിഞ്ഞതോടെ ആ പേടി മാറി. മോഹന്റെ സാന്നിധ്യവും കൂട്ടും എന്റെ ജീവിതം തന്നെ മാറ്റി,’ സുജാത മോഹന്‍ പറയുന്നു.

Content Highlight: Sujatha talks about  her singing career