ന്യൂദല്‍ഹി: സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ
സോഷ്യല്‍ മീഡിയയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം.
സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശനമായ നടപടികള്‍ എടുക്കുമെന്നുമാണ് കേന്ദ്ര നിയമ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.
കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. നിയമമന്ത്രി രാജ്യസഭയില്‍ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പരിഹാസം. അപ്പോള്‍ ബി.ജെ.പി ഐ.ടി സെല്ലോ എന്ന ഒറ്റ ചോദ്യത്തിലായിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത്.
ബി.ജെ.പി ഐ.ടി സെല്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂഷന്റെ ചോദ്യം.
കര്‍ഷക പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ തടയാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ട്വിറ്ററിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം തുടരുകയാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞിരുന്നു.
തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക വംശഹത്യ എന്ന ഹാഷ്ട് ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നാണ് ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐ.ടി സെക്രട്ടറി പറഞ്ഞത്.