ആംബുലന്‍സില്ല, ഭക്ഷണമില്ല, ആശുപത്രിയില്‍ കിടക്കകളുമില്ല; കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചിലതിലാണെന്ന് പ്രശാന്ത് ഭൂഷണ്‍
national news
ആംബുലന്‍സില്ല, ഭക്ഷണമില്ല, ആശുപത്രിയില്‍ കിടക്കകളുമില്ല; കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചിലതിലാണെന്ന് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 9:13 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചില കാര്യങ്ങളിലാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ മുന്‍ഗണനാ വിഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം.

‘ജനങ്ങള്‍ക്ക് താമസിക്കാന്‍ വീടില്ല, ഭക്ഷണമില്ല, ജോലിയ്ക്ക് ശമ്പളമില്ല, ആംബുലന്‍സും ആശുപത്രി കിടക്കകളുമില്ല. അപ്പോഴും മോദിയുടെ മുന്‍ഗണന പുതിയ പാര്‍ലമെന്റ് ഉണ്ടാക്കുന്നതിലാണ്’, എന്നായിരുന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണില്‍ പറയുന്നത്.

രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഭൂഷന്റെ വിമര്‍ശനം.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് ചാനലുകളിലൂടെ നടത്തിയ പ്രസംഗത്തിലാണ് മോദി ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്.

 

കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വീശിയടിച്ചത്. പക്ഷെ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതിനെ തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നമ്മുടെ ചുറ്റും നോക്കിയാല്‍ പലരും ആവശ്യമുള്ളവര്‍ക്ക് മരുന്നും ഭക്ഷണവും എല്ലാം എത്തിച്ചു നില്‍ക്കുന്നത് കാണുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണം.

യുവജനങ്ങളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ ചെറിയ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാവര്‍ക്കും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനുള്ള ബോധവത്കരണം നടത്തണം.

ഇങ്ങനെയൊക്കെ ചെയ്താല്‍ സര്‍ക്കാരുകള്‍ക്ക് കണ്ടയ്ന്‍മെന്റ് സോണും കര്‍ഫ്യൂവും ഒന്നും നടപ്പിലാക്കേണ്ടി വരില്ല. അപ്പോള്‍ പിന്നെ ലോക്ക്ഡൗണ്‍ എന്നൊരു ചോദ്യമേ ഉണ്ടാകില്ല. അതിന്റെ ആവശ്യമേയുണ്ടാകില്ല.

ലോക്ക്ഡൗണിനെ അവസാന വഴിയായേ പരിഗണിക്കാവൂയെന്ന് ഞാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നുണ്ട്. ലോക്ക്ഡൗണില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ കഠിനമായി പരിശ്രമിക്കണം. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളിലാണ് നമ്മള്‍ എല്ലാ ശ്രദ്ധയും നല്‍കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Prashant Bhushan Slams Union Government On Covid Resistence