ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ വഴിതടയുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ്
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ രാം ലീല മൈതാനിയിലെത്തുന്നത് സര്‍ക്കാര്‍ തന്നെ തടഞ്ഞിട്ട് കര്‍ഷകരാണ് ഹൈവേ തടയുന്നതെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നുവെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
‘കര്‍ഷകര്‍ രാം ലീല മൈതാനിയിലേക്കെത്തുന്നത് തടയാന്‍ ഹൈവേയില്‍ സര്‍ക്കാര്‍ തന്നെ 10 ആഴത്തിലുള്ള കുഴി കുഴിക്കുന്നു, ബാരിക്കേഡുകള്‍ വെച്ച് വഴി തടയുന്നു,കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുന്നു. എവിടെ നിങ്ങളവരെ തടഞ്ഞോ അവിടെ കര്‍ഷകര്‍ ഇരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും സര്‍ക്കാര്‍ പറയുന്നു കര്‍ഷകര്‍ ഹൈവേ തടഞ്ഞെന്ന്!,’ അദ്ദേഹം പറഞ്ഞു.
നവംബര്‍ 26 മുതല്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ദല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി പ്രതിഷേധിച്ചുകൊണ്ടിരുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
അതേസമയം കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.
ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടിയുള്ള എല്ലാ കര്‍ഷക സംഘടനകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രീംകോടതിയുടെ നീക്കം.
‘എത്രയും പെട്ടെന്ന് പ്രതിഷേധത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാരിനെ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ദേശീയ പ്രശ്‌നമായി കര്‍ഷക പ്രതിഷേധം മാറും,” കോടതി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക