ന്യൂദല്‍ഹി: ഹാത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ‘അന്താരാഷ്ട്ര ഗൂഢാലോചന’ നടന്നാതായി ചൂണ്ടിക്കാട്ടി യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും തുറന്നുകാട്ടി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. പൊലീസുകാരും അവരുടെ ഏമാന്മാരും തമ്മില്‍ നടന്ന ഗുഢാലോചനയാണിതെന്നാണ് പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി.
കഴിഞ്ഞ ദിവസമാണ് ഹാത്രാസ് കേസില്‍ യു.പി പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും രാജ്യാന്തര ഗൂഢാലോചന നടന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു്. justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റിന് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഒക്ടോബര്‍ മൂന്നിനും നാലിനുമാണ് ഈ വെബ്‌സൈറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും ഇത് എവിടെയും സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗ് കണ്ടെത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന വെബ്‌സൈറ്റ് സ്‌ക്രീന്‍ ഷോട്ടുകളടക്കം രോഹിണി സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ‘ഇപ്പോള്‍ പബ്ലിഷ് ചെയ്യപ്പെടുകയും ആരും സര്‍ക്കുലേറ്റ് ചെയ്യുകയും ചെയ്യാത്ത ഒരു വെബ്‌സൈറ്റിനെ കുറിച്ച് കണ്ടെത്തിയ യു.പി പൊലീസിന്റെ കാര്യക്ഷമത’ എന്നായിരുന്നു രോഹിണി ട്വീറ്റ് ചെയ്തത്. ഇത് റിട്വീറ്റ് ചെയ്തുക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ യു.പി സര്‍ക്കാരിനെ പരിഹസിച്ചുക്കൊണ്ട് രംഗത്തെത്തിയത്.
‘നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത ഹാത്രാസില്‍ കലാപം നടത്താനുള്ള ‘അന്താരാഷ്ട്ര ഗൂഢാലോചന’എന്ന യോഗിയുടെ കഥ പൊലീസും അവരുടെ ഏമാന്മാരും തമ്മിലുള്ള ഗൂഢാലോചനയായിട്ടാണ് തോന്നുന്നത്’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
Wow! Yogi’s story of ‘International conspiracy’ for riots in Hathras on which the police has registered multiple FIRs appears to be a criminal conspiracy between the police & their bosses! https://t.co/yxmXSiDPO0
പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ justiceforhathrasvictim.carrd.co വെബ്‌സൈറ്റില്‍ എങ്ങനെ സുരക്ഷിതമായി പ്രതിഷേധങ്ങള്‍ നടത്താം, പൊലീസിനെ ഒഴിവാക്കാം തുടങ്ങിയ വിവരങ്ങളും അടങ്ങിയിരുന്നതായി പറയുന്നുണ്ട്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സൈറ്റില്‍ അധികവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസിന്റെ ഈ വാദത്തിനെതിരെയും പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ബ്ലാക്ക്‌ലൈവ്‌സ് മാറ്ററില്‍ നിന്നുള്ള കട്ട്&പേസ്റ്റ് ചെയ്ത ഇംഗ്ലിഷ് കണ്ടന്റ് ഉപയോഗിച്ച് യു.പിയില്‍ എങ്ങനെ കലാപമുണ്ടാക്കാനാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ ചോദിച്ചു. ഇതാണ് യോഗിയുടെ പൊലീസ് നിലവിളിക്കുന്ന അന്താരാഷ്ട്ര ഗുഢാലോചനയുടെ ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
justiceforhathrasvictim.carrd.co വെബ്‌സെറ്റില്‍ എന്‍.വൈ.പി.ഡി(ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ്)യെയും വെളുത്ത വര്‍ഗക്കാരായ വംശീയവാദികളെയും ഒഴിവാക്കണമെന്നാണ് പ്രധാനമായും പറയുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പങ്കുവെച്ചുക്കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
“Website in ‘Foreign Plot to Cause UP Riots’ says ‘Avoid NYPD, White Supremacists’.How anyone could trigger riots in UP with English content cut-and-paste from a Black Lives Matter website?”
The basis for Yogi’s police to scream Int conspiracy on Hathras!https://t.co/t5CtWESayB
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 109, 120 ബി( ക്രിമിനല്‍ ഗൂഢാലോചന), 124 എ(രാജ്യദ്രോഹം), 153 എ( മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ പേരില്‍ രണ്ട് സംഘങ്ങള്‍ക്കുള്ളില്‍ ശത്രുതയുണ്ടാക്കുക), 153 ബി, 420 (വഞ്ചനാകുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാന്ദ്പ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹാത്രാസില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിന്റെ സത്യം അന്വേഷിച്ച് കണ്ടെത്തുമെന്നുമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.
ഈ പുതിയ എഫ്.ഐ.ആര്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ യോഗി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ഹാത്രാസ് കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാര്‍ത്തയും അതിനെ പരിഹസിച്ച് കൊണ്ടുള്ള കാര്‍ട്ടൂണും പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
‘ഒരു 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക, രക്ഷിതാക്കളുടെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി സംസ്‌കരിക്കുക, പ്രദേശം ലോക്ക് ഡൗണിലാക്കുക, പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടു തടങ്കലിലാക്കുക, ഫോണ്‍ പിടിച്ച് വെക്കുക, കുടുംബത്തെ കാണുന്നതില്‍ നിന്നും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിലക്കുക, പ്രതികളായ ഠാക്കൂറുകളെ കൂട്ടം കൂടാന്‍ അനുവദിക്കുക എന്നിവയാണ് ആ അന്താരാഷ്ട്ര ഗൂഢാലോചന,’ പ്രശാന്ത് ഭൂഷണ്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
വികസനവിരോധികളാണ് സംസ്ഥാനത്ത് ജാതി-സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയെ അപകീര്‍ത്തിപ്പെടാത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായുള്ള പൊലീസിന്റെ എഫ്.ഐ.ആര്‍ എത്തിയത്.
അതേസമയം ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യുപി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടുള്ള പൊലീസ് നടപടിയെ കുറിച്ചുള്ള വാര്‍ത്തകളെത്തിയത്.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക