ന്യൂദല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ച് ശരിയായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലില്‍ പോകുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കഴുത്തറ്റം അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ് മോദി സര്‍ക്കാരെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിക്ക് നേരിട്ട് 21000 കോടി രൂപ നല്‍കി. സാമ്പത്തിക അഴിമതി മാത്രമല്ല വിഷയം. 126 പുതിയ വിമാനം വേണമെന്ന് വ്യോമസേന 15 വര്‍ഷമായി ആവശ്യപ്പെടുകയാണ്. മൂന്നിരട്ടി വില നല്‍കി വാങ്ങുന്നത് 36 വിമാനം മാത്രം. ഇതല്ലെങ്കില്‍ മറ്റെന്താണ് രാജ്യദ്രോഹം? മോദി നേരിട്ടാണ് റാഫേല്‍ ഇടപാട് നടത്തിയത്. ഇതില്‍ പിടിയിലാകുമെന്ന് ഭയന്നാണ് അലോക് വര്‍മയെ മാറ്റിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം; കെ.സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
റാഫേല്‍ ഇടപാടിനെ കുറിച്ച് 64 രേഖകള്‍ സഹിതം താനും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് ഒക്ടോബര്‍ നാലിന് അന്ന് സി.ബി.ഐ ഡയരക്ടറായിരുന്ന അലോക് വര്‍മയ്ക്ക് പരാതി നല്‍കിയിരുന്നു. അലോക് വര്‍മ പരാതി സ്വീകരിച്ചതിലുള്ള നീരസം മോദി സര്‍ക്കാര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
റാഫേല്‍ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ് അലോക് വര്‍മയെ രായ്ക്കുരാമാനം മാറ്റിയത്. സി.ബി.ഐ ഡയരക്ടറെ നീക്കാനും നിയമിക്കാനുമുള്ള ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് അലോക് വര്‍മയെ മാറ്റി നാഗേശ്വരറാവുവിന് ഡയരക്ടറുടെ ചുമതല നല്‍കിയതെന്നും ഏഴ് ഇടതുപാര്‍ട്ടികള്‍ സംയുക്തമായി സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ സംസാരിക്കുകവേ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.