കല്‍പ്പറ്റ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയിലേക്കു സുരേന്ദ്രന്റെ സെക്രട്ടറിയോട് എത്താന്‍ ജാനു ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ റെക്കോര്‍ഡാണു പ്രസീത പുറത്തു വിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്ത് ലക്ഷം രൂപ സി.കെ. ജാനുവിന് നല്‍കാനെത്തുന്നതിനു മുമ്പു പ്രസീതയെ കെ. സുരേന്ദ്രന്‍ വിളിച്ചുവെന്നു കാണിക്കുന്ന റെക്കോര്‍ഡുകളും പുറത്തു വന്നിട്ടുണ്ട്.
പ്രസീതയുടെ ഫോണില്‍ നിന്നാണു ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിക്കുന്നത്. ഹൈറൈസണ്‍ ഹോട്ടലിലെ 503ാം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോടു ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വെച്ച് 10 ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം.
വിജയ യാത്രയ്ക്കിടെ മാര്‍ച്ച് മൂന്നിനു കോട്ടയത്ത് കൂടിക്കാഴ്ചയ്ക്കു സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്ത് വന്നു.
സി.കെ. ജാനുവിനു പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വിട്ട ശബ്ദ രേഖയ്ക്കു പിന്നാലെ ബി.ജെ.പി. ബന്ധമുള്ളവര്‍ തന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നതായി പ്രസീത പറഞ്ഞിരുന്നു. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും പ്രസീത പറഞ്ഞിരുന്നു.
10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ മാര്‍ച്ച് ആറിന് തിരുവനന്തപുരത്തു വന്നാല്‍ പണം നല്‍കാമെന്നും തെരഞ്ഞെടുപ്പു സമയം ആയതിനാല്‍ പണം കൊണ്ടുനടക്കാന്‍ കഴിയില്ലെന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞത്.
ജാനുവുമായുള്ള ചര്‍ച്ചക്കായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടിയിലേക്കും ഫണ്ട് ആവശ്യമുണ്ടെന്നും പ്രസീത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ. സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞു 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെ കെ. സുരേന്ദ്രന്‍ എതിര്‍ത്തിരുന്നു. പ്രസീതയുമായി സംസാരിച്ചില്ലെന്ന് പറയുന്നില്ല, പക്ഷെ ശബ്ദരേഖകള്‍ കൃത്രിമമായി നിര്‍മിക്കാനും കഴിയും എന്നാണു സുരേന്ദ്രന്‍ മറുപടി പറഞ്ഞത്.