ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്വകാഡ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഒരു ശബ്ദത്തെ സൈലന്‍സ് ചെയ്യാന്‍ നിങ്ങള്‍ എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും.
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് പ്രിയപ്പെട്ട ടീസ്ത സെതല്‍വാദ്, ധൈര്യമായിരിക്കൂ,” പ്രകാശ് രാജ് ട്വീറ്റില്‍ പറഞ്ഞു.
The more you try to silence a voice.. it will get louder .. we are with you dear @TeestaSetalvad .. stay strong. .. https://t.co/36f7pQeWgV
— Prakash Raj (@prakashraaj) June 25, 2022
ടീസ്തയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് വിവിധ ജനാധിപത്യ- മനുഷ്യാവകാശ സംഘടനകള്‍ ഞായറാഴ്ച നടത്തുന്ന പ്രതിഷേധസമരത്തിന്റെ പോസറ്റര്‍ പങ്കുവെച്ചുകൊണ്ട് മറ്റൊരു ട്വീറ്റും പ്രകാശ് രാജ് ഷെയര്‍ ചെയ്തിട്ടുണ്ട്.
”എഴുന്നേറ്റ് നില്‍ക്കൂ, ഉറക്കെ സംസാരിക്കൂ, നിങ്ങളുടെ നട്ടെല്ല് കാണിക്കൂ,” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് പ്രകാശ് രാജ് കുറിച്ചത്.
Stand up.. speak up.. show your SPINE .. #justasking https://t.co/1zX5aHUvO4
— Prakash Raj (@prakashraaj) June 25, 2022
ശനിയാഴ്ചയായിരുന്നു മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റി.
കസ്റ്റഡിയിലെടുത്ത തന്നെ ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് മര്‍ദ്ദിച്ചുവെന്ന് വൈദ്യപരിശോധനക്കായി അഹമ്മദാബാദ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ടീസ്ത പ്രതികരിച്ചിരുന്നു.
2002ല്‍ നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് വംശഹത്യ കേസില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു, എന്ന രീതിയില്‍ മൂവര്‍ക്കുമെതിരെ ഗുജറാത്ത് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലും ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെ അപലപിച്ചും ഗുജറാത്ത് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ശ്രീകുമാറും വംശഹത്യയിലെ മോദി സര്‍ക്കാറിന്റെ പങ്ക് തുറന്നുകാട്ടിയ ഇന്റലിജന്‍സ് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജീവ് ഭട്ടും മോദി സര്‍ക്കാറിനെതിരായ വെളിപ്പെടുത്തലുകളുടെയും നിലപാടുകളുടെയും പേരില്‍ നോട്ടപ്പുള്ളികളായിരുന്നു. സഞ്ജീവ് ഭട്ട് 2011 മുതല്‍ ജയിലിലാണ്.
2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, എന്നാണ് ഔദ്യോഗിക കണക്ക്.
Content Highlight: Prakash Raj’s tweet in reaction towards the arrest of Teesta Setalvad bu Gujarat police