ഈ മനുഷ്യ വേട്ടയ്‌ക്കെതിരെ നമ്മളിപ്പോള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ ഇതോര്‍ത്ത് നമ്മള്‍ ലജ്ജിക്കും; ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്
national news
ഈ മനുഷ്യ വേട്ടയ്‌ക്കെതിരെ നമ്മളിപ്പോള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ ഇതോര്‍ത്ത് നമ്മള്‍ ലജ്ജിക്കും; ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 3:13 pm

ചെന്നൈ: ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടന്‍ പ്രകാശ് രാജ്.

വളരെ നാണംകെട്ട സംഭവമാണ് നടന്നിരിക്കുന്നതെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ഈ മനുഷ്യ വേട്ടക്കെതിരെ ഇപ്പോള്‍ നമ്മള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ വരുംനാളുകളില്‍ ഇതോര്‍ത്തു നമ്മള്‍ ലജ്ജിക്കുമെന്നും ഉമര്‍ ഖാലീദിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത് ജനാധിപത്യത്തില്‍ എന്നുമുതലാണ് കുറ്റമായത് ? #standwithumarkhalid എന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് ദല്‍ഹി പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlights: prakash raj extend supports to umar khalid