Advertisement
Entertainment
ഇന്ത്യൻ സിനിമയിലെ കിങ് ഖാനെ വരെ രണ്ടാമനാക്കി; ബോക്സ് ഓഫീസ് ഇനി ഇവൻ ഒറ്റക്ക് ഭരിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 04, 03:46 am
Thursday, 4th July 2024, 9:16 am

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന, അന്ന ബെന്‍, പശുപതി, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരനിരയും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

കേരളത്തില്‍ 320 സ്‌ക്രീനുകളിലായ് പ്രദര്‍ശനം തുടരുന്ന ചിത്രം ജൂണ്‍ 27നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. 320 സ്‌ക്രീനുകളില്‍ 190ഉം ത്രീഡിയായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്ത് നിര്‍മിച്ച ഈ ബ്രഹ്‌മാണ്ഡ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്. ആദ്യവാരം പിന്നിടുന്നതിനുള്ളില്‍ തന്നെ 500 കോടിക്ക് മുകളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടികൊണ്ടാണ് ചിത്രം മുന്നേറുന്നത്.

ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എ.ഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എ.ഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിനുപിന്നാലെ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നായകനും നേടാനാവാത്ത ഒരു തകര്‍പ്പന്‍ നേട്ടമാണ് പ്രഭാസ് സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ആദ്യ ദിവസത്തില്‍ തന്നെ നൂറുകോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന സിനിമകളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉള്ളത് പ്രഭാസാണ്.

പ്രഭാസ് നായകനായി എത്തിയ അഞ്ച് സിനിമകളാണ് ആദ്യദിവസം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയത്. ബാഹുബലി 2, കല്‍ക്കി 2998, സലാര്‍, അടിപുരുഷ്, സഹോ എന്നീ സിനിമകളാണ് ആദ്യദിവസം തന്നെ നൂറുകോടി മുകളില്‍ കളക്ഷന്‍ നേടിയത്.

ബോളിവുഡിലെ രാജാവായ ഷാരൂഖാനെ വരെ രണ്ടാമനാക്കി കൊണ്ടാണ് റിബല്‍ സ്റ്റാറിന്റെ മുന്നേറ്റം. ഷാരൂഖ് ഖാന്റെ രണ്ട് സിനിമകളാണ് ഇതിനോടകം തന്നെ ആദ്യദിവസം 100 കോടി നേടിയത്. ജവാനും പത്താനും ആയിരുന്നു 100 കോടി നേടിയ രണ്ട് സിനിമകള്‍.

ഷാരൂഖാന് പിന്നില്‍ ഓരോ തവണ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങളും ഉണ്ട്. വിജയിയുടെ ലിയോയും യാഷിന്റെ കെ.ജി.എഫ് ടുവും രണ്‍ബീര്‍ കബൂറിന്റെ ആനിമലും ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിച്ച ആര്‍.ആര്‍.ആറുമാണ് ഇതിനുമുമ്പ് ആദ്യദിവസം തന്നെ നൂറുകോടി കളക്ഷന്‍ കടന്നത്.

 

Content Highlight: Prabhas New Record in Box Office Collection