വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള തീരുമാനം: തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉത്തരവിറക്കും
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധന സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം. അടുത്തിടെ ചാർജ് വർധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയതോടെ നിരക്ക് വർധിപ്പിക്കാനുള്ള ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു.
ഉത്തരവ് ഇറങ്ങാനായി കാലതാമസമുണ്ടെങ്കിൽ പോലും മുൻകാല പ്രാബല്യത്തോടെയാകും വർധന നടപ്പാക്കുക. ഗാർഹിക ഉപയോക്താക്കളുടെ ക്രോസ് സബ്സിഡി നിർത്തലാക്കാനും വ്യവസായത്തിനുള്ള വൈദ്യുതി വില കുറക്കാനുമുള്ള നിർദേശം ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്ല് പ്രകാരമാണ് വൈദ്യുതി ബോർഡ് അപേക്ഷ സമർപ്പിച്ചിരുന്നത്.
ആദ്യവർഷം സാധാരണ ഉപയോക്താക്കൾക്ക് നൽകി വരുന്ന ക്രോസ് സബ്സിഡി 20 ശതമാനം കുറയ്ക്കാനും മൂന്നുവർഷംകൊണ്ട് സബ്സിഡി പൂർണമായി ഇല്ലാതാക്കാനും നിർദേശിക്കുന്ന അപേക്ഷയാണ് വൈദ്യുതി ബോർഡ് സമർപ്പിച്ചിരുന്നത്. ഇതോടെ സബ്സിഡി ഇല്ലാത്ത വൈദ്യുതിയാകും ഗാർഹിക ഉപയോക്താക്കൾക്ക് ലഭിക്കുക.