മെസിയെ എങ്ങും വിടില്ല, അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം
Cricket
മെസിയെ എങ്ങും വിടില്ല, അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th October 2022, 6:37 pm

നവംബറില്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്ട്രൈക്കറും അര്‍ജന്റൈന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസി.

ഖത്തര്‍ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റോട് കൂടി ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് മെസി നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം താരം നല്‍കിയിരുന്നില്ല. മാരക്കാനയില്‍ അവസാന നിമിഷം കൈവിട്ട് പോയ ലോകകപ്പ് ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായാണ് ഇത്തവണ മെസിയും സംഘവും ഖത്തറിലെത്തുക.

കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിയ അര്‍ജന്റീന 35 മത്സരങ്ങളുടെ അപരാജിത നേട്ടവും അക്കൗണ്ടിലിട്ടാണ് രാജ്യാന്തര പോരാട്ടത്തിനെത്തുന്നത്.

കളിക്കളത്തില്‍ അനായാസ പ്രകടനം നടത്തി ഗോളുകള്‍ വാരിക്കൂട്ടുന്ന താരത്തിന് വിശ്വ ഫുട്‌ബോളിന്റെ സ്വര്‍ണ കപ്പിലേക്കുള്ള ദൂരം മാത്രമാണ് ഇനി ബാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റൈന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്.

ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം അര്‍ജന്റീന വിടാന്‍ മെസിയെ തങ്ങള്‍ അനുവദിക്കില്ലെന്നാണ് ലിസാന്‍ഡ്രോ പറഞ്ഞത്. ഇത് മെസിയുടെ അവസാനത്തെ വേള്‍ഡ് കപ്പല്ലെന്നും അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോലും തങ്ങള്‍ തയ്യാറാണെന്നും ലിസാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.

‘ലയണല്‍ മെസി ഒരു അസാധാരണ കളിക്കാരനാണ്. അദ്ദേഹം കളത്തിലിറങ്ങിയാല്‍ കാട്ടിക്കൂട്ടുന്ന മാജിക്കുകള്‍ നമ്മളെല്ലാം കാണാറുള്ളതാണ്. എങ്ങനെയാണ് ഇതുപോലൊരു പ്രതിഭക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന വിട്ട് നില്‍ക്കാന്‍ കഴിയുക. അതും അത്രയും കഴിവും അഭിനിവേശവും ഉണ്ടാകുമ്പോള്‍.

ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം അര്‍ജന്റീന വിടാന്‍ ഞങ്ങള്‍ അദ്ദേഹത്തെ സമ്മതിക്കില്ല. ഇത് മെസിയുടെ അവസാനത്തെ ലോകകപ്പുമല്ല. മെസിക്ക് വേണ്ടി യുദ്ധം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്,’ ലിസാന്‍ഡ്രോ മാര്‍ടിനെസ് കൂട്ടിച്ചേര്‍ത്തു.

2014ല്‍ മാരക്കാനയില്‍ ഒരു കയ്യകലത്തിലാണ് അര്‍ജന്റീനക്ക് ലോകകപ്പ് നഷ്ടമായത്. എന്നാല്‍ ഇത്തവണ ഒന്നുകൂടി ശക്തമാക്കിയ ടീമും അതിനെക്കാള്‍ കരുത്തേറിയ പ്രതീക്ഷയുമായാണ് മെസിയും കൂട്ടരും അങ്കത്തിനെത്തുന്നത്.

അതേസമയം ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം പി.എസ്.ജിക്ക് വേണ്ടി കാഴ്ചവെക്കുന്നത്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസിക്ക് തുടക്കത്തില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.

Content Highlights: Portugal player Lisandro Martinez says Lionel Messi won’t go anywhere after Qatar World Cup