കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഒളിവില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് എന്നിവരാണ് ഒളിവില്‍ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും മറ്റു കേസുകളില്‍ ദേശീയ ഏജന്‍സികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ഒളിവില്‍ പോയതെന്നാണ് വിവരം.
ഹര്‍ത്താലില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. കേരളത്തിലെ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി.
വ്യാഴാഴ്ച 15 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 237 പേരെയാണ് അറസ്റ്റ് ചെയ്യ്തതെന്നും 384 പേരെ കരുതല്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രതികള്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് നല്‍കി. പോപ്പുലര്‍ ഫ്രണ്ടിന് എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ വഴി പണം ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി 120 കോടി രൂപ എന്‍.ആര്‍.ഐ അക്കൗണ്ട് മാര്‍ഗം കൈമാറിയിട്ടുണ്ട്. ഈ പണം സംഘടനാ നേതാക്കള്‍ക്ക് ലഭിച്ചതായും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ നിന്നും അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് എന്‍.ആര്‍.ഐ അക്കൗണ്ട് വഴി അയച്ച പണം പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചിട്ടുണ്ട്.
ഇയാള്‍ വിദേശത്ത് നിന്നും സമാഹരിച്ച 120 കോടി രൂപ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും, ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിന് 21 ലക്ഷവും, റിഹാബ് ഇന്ത്യ ഫൗണ്ടേഷന് 16 ലക്ഷം രൂപയുമാണ് എന്‍.ആര്‍.ഐ അക്കൗണ്ട് വഴി ലഭിച്ചതെന്ന് ഇ.ഡി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനായി ചാനലുകളില്ലെന്നുമാണ് പി.എഫ്.ഐ ട്രഷറര്‍ ഇ.ഡിക്ക് നല്‍കിയ വിശദീകരണമെന്നാണ് വിവരം.
അതേസമയം, വ്യഴാഴ്ച എന്‍.ഐ.എ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഉള്‍പ്പെടെയുളള 18 പേര്‍ക്കെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തി. ഇവരെ എന്‍.ഐ.എ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്‍.ഐ.എ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.
പൊതുമുതല്‍ നശിപ്പിക്കല്‍, പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം, മറ്റു മതവിഭാഗങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ തുടങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തികള്‍ ജനമനസില്‍ ഭീതി പടര്‍ത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ സജ്ജരാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ യാസര്‍ ഹസനും മറ്റ് പ്രവര്‍ത്തകരും ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍.ഐ.എ മുന്നോട്ടുവെക്കുന്നത്.