Entertainment news
പോത്തിന് പിന്നിലും ആനക്ക് മുന്നിലുമോടിയ പെപ്പെ ഇപ്പോഴും ഓട്ടത്തിലാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 21, 09:52 am
Saturday, 21st January 2023, 3:22 pm

 

വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററിലെത്തിയ സിനിമയാണ് പൂവന്‍. അന്നമ്മ എന്ന പൂവന്‍ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയില്‍ ആന്റണി വര്‍ഗീസാണ് നായകനായെത്തുന്നത്. അപ്രതീക്ഷിതമായി അപ്പുറത്തെ വീടിന്റെ ടെറസില്‍ വന്ന് വീഴുന്ന കോഴിയും നായകനായ ഹരിക്കുമിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിരവധിയായ പ്രശ്‌നങ്ങളും പ്രതിസന്ധികളും മനസില്‍കൊണ്ട് നടന്ന് ഏതാണ്ട് വിഷാദത്തിലൂടെ കടന്നുപോകുന്നയാളാണ് ഹരി. അന്നമ്മയുടെ വരവോടെ ജീവിതത്തില്‍ അയാള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂടുന്നു. ഉറക്കം പോലും നഷ്ടപ്പെടുന്ന നായകന്‍ അന്നമ്മയെന്ന പൂവന്‍ കോഴിയെ ശത്രു പക്ഷത്ത് നിര്‍ത്തുകയും അന്നമ്മക്കെതിരെ പട നയിക്കുകയും ചെയ്യുന്നു.

ഒറ്റ കേള്‍വിയില്‍ കൗതുകം തോന്നുന്ന കഥാസന്ദര്‍ഭങ്ങളാണ് പൂവനിലുള്ളത്. ഹരിയെന്ന കഥാപാത്രത്തെ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ആന്റണിക്ക് കഴിയുന്നുണ്ട്. ആന്റണിയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയാണ് പൂവന്‍ കോഴിയും കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ചില ഘട്ടങ്ങളില്‍ നായകനെ അടിച്ചിട്ട് നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന അന്നമ്മയെ കാണാം. ആ സമയങ്ങളിലെ പശ്ചാത്തല സംഗീതം ആ നിമിഷത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

ആന്റണി വര്‍ഗീസിന്റെ മുന്‍ സിനിമകള്‍ കണ്ട് കലിപ്പും ഇടിയുമൊക്കെ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്ക് വലിയ നിരാശയുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം പെപ്പയുടെ സ്ഥിരം ശൈലിയില്‍ നിന്നും മാറി നിരാശയും പരാജയങ്ങളുമൊക്കെ നിരന്തരം വേട്ടയാടുന്ന സാധാരണ മനുഷ്യനിലേക്കാണ് അയാളുടെ കഥാപാത്രം പരിണമിച്ചിരിക്കുന്നത്.

പോത്തിന് പിന്നിലും ആനക്ക് മുന്നിലുമോടിയ പെപ്പെ ഈ സിനിമയിലും ഓട്ടം നിര്‍ത്തിയിട്ടില്ല എന്നത് കൗതുകകരമായ കാര്യമാണ്. ഇവിടെ ആന്റണിയോടുന്നത് പൂവന് പിന്നാലെയാണ്. സിനിമയുടെ അവസാനത്തിലേക്ക് വരുമ്പോള്‍ സംഭവിക്കുന്ന ചേസിങ് സീനൊക്കെ ഗമഭീരമായി സ്‌ക്രീനില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

സ്വാഭാവികമായ ചിരി സൃഷ്ടിക്കാന്‍ ഇത്തരം സീനുകള്‍ക്ക് സാധിക്കുന്നുണ്ട്. സംവിധാനത്തിന്റെ മികവ് മനസിലാക്കാന്‍ കഴിയുന്ന ഭാഗങ്ങളാണ് ഇതൊക്ക. കോഴിയും പെപ്പെയും മാത്രമല്ല സിനിമയില്‍ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങള്‍ വരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

പൂവനെ കുറിച്ച് പറയുമ്പോള്‍ അതിലെ സ്ത്രീ കഥാപാത്രങ്ങളെ ഒഴിവാക്കാന്‍ സാധിക്കില്ല. സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് വളരെ അടുത്ത് പരിചയമുണ്ടായിരിക്കും. വീട്ടിലോ നാട്ടിലോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കിടയിലോ എന്നെങ്കിലും ഇവരെയൊക്കെ കണ്ടിട്ടുണ്ടാകും. നാട്ടുമ്പുറത്തെ മധ്യവര്‍ഗ കുടുംബങ്ങളിലെ സ്ത്രീകളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ വസ്ത്രധാരണത്തിലും സംസാര ശൈലിയിലുമെല്ലാം ആ സാധാരണത്വം തെളിഞ്ഞ് കാണുകയും ചെയ്യുന്നുണ്ട്.

 

content highlight: poovan movie antony varghese character