യു.പിയില്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്‌ലിം യുവാവിനെതിരെ കവര്‍ച്ചക്ക് കേസെടുത്ത് പൊലീസ്
national news
യു.പിയില്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്‌ലിം യുവാവിനെതിരെ കവര്‍ച്ചക്ക് കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 4:52 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മോഷ്ടാവെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിനെതിരെ മോഷണത്തിന് കേസെടുത്ത് പൊലീസ്. അലിഗഡ് പൊലീസാണ് മുഹമ്മദ് ഫരീദ് കൊല്ലപ്പെട്ട് പത്ത് ദിവസങ്ങള്‍ക്ക് ശേഷം മോഷണത്തിന് കേസെടുത്തത്.

ഫരീദിനും മറ്റ് എട്ട് പേര്‍ക്കെതിരെയുമാണ് ശനിയാഴ്ച പൊലീസ് കേസെടുത്തത്. തുണി വ്യാപാരിയായ മുകേഷ് മിത്തലെന്ന ആളുടെ ഭാര്യയുടെ പരാതിയിലാണ് അലിഗഡിലെ ഗാന്ധി പാര്‍ക്ക് പൊലീസ് ഫരീദിനെതിരെ കേസെടുത്തത്.

ഔറംഗസേബ് എന്ന മുഹമ്മദ് ഫരീദിനെ ജൂണ്‍ 18ന് രാത്രിയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. മാമു ഭഞ്ജ പ്രദേശത്തെ തെരുവുകളിലൂടെ ഇയാളെ ആള്‍ക്കൂട്ടം വലിച്ചിഴയ്ക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തു.

ജൂണ്‍ 18ന് രാത്രി 10 മണിയോടെ എട്ട് പേരടങ്ങുന്ന സം​ഘം വീട്ടില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി തന്റെ സ്വര്‍ണ്ണ ചെയിന്‍ തട്ടിയെടുത്തെന്നാണ് മിത്തലിന്റെ ഭാര്യയുടെ പരാതി. വീട്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയെന്നും ഇവര്‍ ആരോപിച്ചു.

തന്നെയും വീട്ടിലെ മറ്റ് സ്ത്രീകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിന്റെയും പരാതി കേട്ടതിന് ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മുഹമ്മദ് ജാക്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഉത്തരവാദികളായ ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഫരീദിനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു വീഡിയോയില്‍ ഇയാളെ ജനക്കൂട്ടം റോഡിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം. പരിക്കേറ്റ ഫരീദിനെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഫരീദ് മരിച്ചിരുന്നു.

Content Highlight: Police registered a case of robbery against the murdered Muslim man in up