ന്യൂദല്‍ഹി: പൊതുസ്ഥലത്ത് പരസ്യമായി അപമാനിച്ച ബി.ജെ.പി എം.എല്‍.എയ്ക്ക് മറുപടിയുമായി ഗൊരഖ്പൂരില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ ചാരു നിഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്റെ കണ്ണുനീരിനെ ബലഹീനതയായി കാണേണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവര്‍ പറയുന്നത്.
തന്റെ മേലുദ്യോഗസ്ഥനായ ഗണേഷ് സാഹ തന്നെ പിന്തുണയ്ക്കുമെന്നു കരുതിയില്ലെന്നും അതുകൊണ്ടാണ് തന്റെ കണ്ണു നിറഞ്ഞതെന്നുമാണ് ചാരു പറയുന്നത്.
“പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ തളരാനല്ല ഞങ്ങളെ പരിശീലിപ്പിച്ചത്. മേലുദ്യോഗസ്ഥനായ ഗണേഷ് സാഹ സാര്‍ സംഭവസ്ഥലത്തെത്തി എനിക്കെതിരായ പ്രസ്താവനയെ തള്ളിക്കളയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് എന്തെങ്കിലും പറ്റിയോ എന്നാണ് അദ്ദേഹം ചോദിച്ചത്.” ഇതാണ് തന്നെ വികാരാധീനയാക്കിയതെന്നാണ് അവര്‍ പറയുന്നത്.
താന്‍ തന്റെ ഡ്യൂട്ട് നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. അതിന്റെ പേരിലോ ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലോ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും അവര്‍ പറഞ്ഞതായി മെയില്‍ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രദേശത്ത് വ്യാജമദ്യ വില്‍പ്പനക്ക് പൊലീസ് കൂട്ടു നില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എം.എല്‍.എയും ഉദ്യോഗസ്ഥയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായത്. പ്രതിഷേധമാര്‍ച്ചിനിടെയുണ്ടായ കല്ലേറു നിയന്ത്രിക്കുകയായിരുന്ന 2013 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ ചാരു നിഗത്തെ ബി.ജെ.പി എം.എല്‍.എ രാധാ മോഹന്‍ദാസ് അഗര്‍വാളാണ് ആള്‍ക്കൂട്ടത്തിനു നടുവില്‍ അധിക്ഷേപിച്ചത്.
“ഞാന്‍ നിങ്ങളോടല്ല പറയുന്നത്. എന്നോട് മിണ്ടിപ്പോകരുത്. മിണ്ടാതിരിക്കണം. എന്റെ ക്ഷമ പരീക്ഷിക്കരുത്.” എന്നാണ് എം.എല്‍.എ ഉദ്യോഗസ്ഥയോട് പറഞ്ഞത്.