തിരുവനന്തപുരം: പോക്‌സോ കേസുകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ മന്ത്രി എ.കെ ബാലന്‍ പ്രതിഷേധമറിയിച്ചു. ഫോണില്‍ വിളിച്ച് പ്രതിഷേധമറിയിച്ച ബാലന്‍, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയും അയച്ചു.
വാളയാര്‍ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതലയോഗം ചേര്‍ന്നത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ, ധനകാര്യ മന്ത്രി തോമസ് ഐസക്ക്, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് , ചീഫ് സെക്രട്ടറി ,നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ യോഗം നടക്കുന്ന കാര്യം നിയമം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായ എ.കെ ബാലനെ അറിയിച്ചിരുന്നില്ല. ഇതിനെതിരെയാണ് ബാലന്‍ മുഖ്യമന്ത്രിയെ തന്റെ പ്രതിഷേധം അറിയിച്ചത്.വാളയാര്‍ കേസില്‍, വീഴ്ച പറ്റിയെന്നാരോപിച്ച് വിവിധകോണില്‍ നിന്നും ബാലനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
പോക്സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാവും. രണ്ടു മാസം കൂടുമ്പോള്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു.