മോന്‍സണെതിരെയുള്ള പോക്‌സോ കേസ്; പീഡനം നടക്കുമ്പോള്‍ സുധാകരന്റെ സാന്നിധ്യമുണ്ടെന്നാണ് അതിജീവിതയുടെ മൊഴി: എം.വി. ഗോവിന്ദന്‍
Kerala News
മോന്‍സണെതിരെയുള്ള പോക്‌സോ കേസ്; പീഡനം നടക്കുമ്പോള്‍ സുധാകരന്റെ സാന്നിധ്യമുണ്ടെന്നാണ് അതിജീവിതയുടെ മൊഴി: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2023, 12:14 pm

തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് അതിജീവതയുടെ മൊഴിയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പോക്‌സോ കേസുമായി ബന്ധപ്പെട്ട് സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വളരെ ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നത്തെ പ്രധാനവാര്‍ത്ത മോന്‍സണ്‍ മാവുങ്കലിന്റെ വിധിയാണ്. പുരാവസ്തു കേസില്‍ അദ്ദേഹത്തിന്റെ കൂട്ടുപ്രതിയാണ് കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരന്‍. മോണ്‍സന്റെ 16 കേസില്‍ ഒരു കേസാണിത്. മൂന്ന് ജീവപര്യന്തവും 35 കൊല്ലം കഠിനതടവും. ഇനി ഏത് കേസില്‍ എന്ത് വിധി വന്നാലെന്താ പ്രശ്‌നം. പോക്‌സോ കേസിന്റെ വിധിയാണ് വന്നിരിക്കുന്നത്.

ആ പെണ്‍കുട്ടി പറഞ്ഞത് തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. ഇപ്പോള്‍ ക്രൈംബ്രാഞ്ച് പറഞ്ഞത് പോക്‌സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ്. സുധാകരന്‍ വേറെ എന്തൊക്കെ വിശദീകരണം നല്‍കിയിട്ടെന്താണ് കാര്യം. വളരെ ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കാണാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കൊരാളുടെ പേരിലും കേസെടുക്കണമെന്നില്ലെന്നും ആരാണോ കുറ്റം ചെയ്തത് അവരുടെ പേരില്‍ കേസെടുക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അതിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പത്രസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി നിലക്കൊള്ളുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം.

ബി.ബി.സിയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട, നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ബി.ബി.സിക്ക് അവകാശമുണ്ട്.

ലോകത്തിന്റെ എല്ലായിടത്തും അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം അവതരിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് എതിരായുള്ള കാര്യമാണ്.

എസ്.എഫ്.ഐ പ്രവര്‍ത്തകനെ തെറ്റായ രീതിയില്‍ ഗൂഢാലോചന നടത്തി വാര്‍ത്ത സൃഷ്ടിച്ച് ആ വാര്‍ത്തയ്ക്ക് പിന്നില്‍ കേസ് വരികയും എഫ്.ഐ.ആര്‍ ഇടുകയും ചെയ്തു. അതിലെന്താ പ്രശ്‌നം. അത്തരത്തിലുള്ള ഗൂഢാലോചനയോ അതിനടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകളോ സ്വീകരിക്കവേ കൃത്യമായിട്ട് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ വാര്‍ത്തയിലെ മറ്റൊരു വാര്‍ത്ത ലോകബാങ്കില്‍ നിന്ന് നമുക്ക് 1228 കോടി രൂപ ലഭിക്കുന്നുവെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതുപോലെ ഇന്നത്തെ വാര്‍ത്തയിലെ മറ്റൊരു വാര്‍ത്ത ലോകബാങ്കില്‍ നിന്ന് നമുക്ക് 1228 കോടി രൂപ ലഭിക്കുന്നുവെന്നതാണ്. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന 1223 കോടി രൂപയ്ക്ക് പുറമേയാണിത്.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ലോകബാങ്കിന്റെ മാനേജിങ്ങ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന കാര്യം പത്രങ്ങളിലൊക്കെ വന്നിട്ടുണ്ട്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി 1228 കോടി രൂപ ലഭിക്കുന്നുവെന്നത് പ്രധാനപ്പെട്ട ഒന്നാണ്,’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.

content highlights: POCSO case against Monson Mawunkal; Atijeevta’s statement is that Sudhakaran was present when the torture took place: M.V. Govindan