ചെന്നൈ: ചെന്നൈ തുറമുഖത്ത് വര്‍ഷങ്ങളായി സൂക്ഷിക്കുന്ന 740 ടണ്‍ അമോണിയം നൈട്രേറ്റ് നശിപ്പിച്ചു കളയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പി.എം.കെ സ്ഥാപകന്‍ എസ്. രാംദാസ് ആവശ്യപ്പെട്ടു. ബെയ്‌റൂട്ട് സ്‌ഫോടനം പോലുള്ള ഒന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിടിച്ചെടുത്ത വലിയ അളവിലുള്ള അമോണിയം നൈട്രേറ്റ് 2015 മുതല്‍ തുറമുഖത്ത് സൂക്ഷിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. നീക്കം ചെയ്യാത്ത അത്രയും സ്‌ഫോടക വസ്തുക്കള്‍ വലിയ ഭീഷണിയാണെന്നും സുരക്ഷിതമായി നീക്കം ചെയ്യണമെന്നും കംപോസ്റ്റിങ്ങ് പോലുള്ള കാര്യങ്ങള്‍ നടത്താമെന്നും രാംദാസ് പറഞ്ഞു.
ബെയ്റൂട്ടില്‍ ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബെയ്റൂട്ട് തുറമുഖ നഗരത്തിലെ ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
സ്ഫോടനം നടന്ന ശേഷമാണ് നഗരത്തില്‍ ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി മിക്ക ലെബനന്‍ ജനതയും അറിയുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഈ സ്ഫോടക വസ്തു നഗരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കൂടിയ അളവിലുള്ള ഈ സ്ഫോടക വസ്തുവിന്റെ സാന്നിധ്യത്തെ പറ്റി അധികൃതര്‍ക്ക് നേരത്തെ അറിയാമായിരുന്നു.
ഇതുകൊണ്ടുണ്ടാവാന്‍ സാധ്യതയുള്ള അപകടത്തെ പറ്റിയും അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
2013 സെപ്റ്റംബറിലാണ് അമോണിയം നൈട്രേറ്റ് ലവണങ്ങളുമായി മോള്‍ഡോവന്‍ രാജ്യത്തിന്റെ പതാകയേന്തിയ ചരക്കു കപ്പല്‍ ലെബനനിലെത്തുന്നത്. ജോര്‍ജിയയില്‍ നിന്നും മൊസംബിക്കിലേക്ക് തിരിച്ചതായിരുന്നു ഈ കപ്പല്‍.
സാങ്കേതികപരമായി ചില പ്രശ്നങ്ങള്‍ കാരണം ഈ കപ്പല്‍ ലെബനന്‍ തുറമുഖത്ത് നിര്‍ത്തി. എന്നാല്‍ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് കപ്പല്‍ വിട്ടു കൊടുക്കാന്‍ ലെബനന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് കപ്പലും അതിലെ വസ്തുക്കളും കപ്പലുടമകള്‍ അവിടെ ഉപേക്ഷിച്ചു.
കപ്പലിലെ അപകടകരമായ ചരക്ക് പിന്നീട് ബെയ്റൂട്ട് തുറമുഖത്തെ ഹാങ്കര്‍ 12 ല്‍ ശേഖരിച്ചു വെച്ചു.
സ്ഫോടവസ്തു സാന്നിധ്യം അന്ന് അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു. 2014 മുതല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി അഞ്ചോളം കത്തുകള്‍ കസ്റ്റംസ് വകുപ്പ് നിയമാധികാരികള്‍ക്ക് ( പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത അടിയന്തര പ്രശ്നങ്ങളുടെ ജഡ്ജിക്ക് ) അയച്ചു.
മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇവര്‍ കത്തില്‍ ഉന്നയിച്ചത്. ഈ മിശ്രണം ലെബനന്‍ സൈന്യത്തിന് നല്‍കുക, അല്ലെങ്കില്‍ രാജ്യത്തെ ഒരു സ്വകാര്യ സ്ഫോടക വസ്തു നിര്‍മാണ കമ്പനിക്ക് ഇത് കൈമാറുക, അല്ലെങ്കില്‍ കയറ്റു മതി ചെയ്യുക.
അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഇവയ്ക്കൊന്നും മറുപടി ലഭിച്ചില്ല. ഇങ്ങനെ കഴിഞ്ഞ ആറു വര്‍ഷമായി അമോണിയം നൈട്രേറ്റ് ലവണങ്ങള്‍ അവിടെ തന്നെ കിടക്കുകയായിരുന്നു.
ഇപ്പോള്‍ ഇത്തരത്തില്‍ സ്ഫോടനം നടക്കാനുള്ള കാരണമെന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല,. അതേ സമയം ലെബനനില്‍ ആകെയുള്ള അഴിമതിയും ഭരണകര്‍ത്താക്കളുടെ അലംഭാവവും ബെയ്റൂട്ട് പ്രദേശവാസികള്‍ സംഭവത്തോടനുബന്ധിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക