വഖഫ് നിയമനം; വിശ്വാസികളുടെ നിശ്ചയാദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു: പി.എം.എ സലാം
Kerala News
വഖഫ് നിയമനം; വിശ്വാസികളുടെ നിശ്ചയാദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു: പി.എം.എ സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 11:45 am

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തരം എല്ലാ ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാറിന് പിന്‍മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും വിശ്വാസികളുടെയും പ്രക്ഷോഭങ്ങളുടെ വിജയമാണിത്. ചരിത്രത്തിലൊരിടത്തും ധിക്കാരികളായ ഭരണാധികാരികള്‍ക്ക് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകാനായിട്ടില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ ചരിത്രമാണ് ധിക്കാരികളായ ഭരണാധികാരികള്‍ക്കുണ്ടായിരിക്കുന്നത് എന്നും പി.എം.എ സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നിലപാട് കണക്കിലെടുത്താണ് വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്ന് നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി സഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരും. പി.എസ്.സി നിയമനത്തിന് ഒരു തുടര്‍നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ലീഗിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോള്‍ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശിപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മുസ്‌ലിം സംഘടനയിലെ പ്രബല വിഭാഗങ്ങളായ ഇ.കെ- എ.പി സമസ്തകള്‍ക്ക് വിഷയത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. വിഷയത്തില്‍ മുസ്‌ലിം ലീഗ് വലിയ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും എല്ലാം മുസ്‌ലിം സംഘടനയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല.