NRC
'അതുണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണം'; എന്‍.ആര്‍.സിയില്‍ നിലപാട് കടുപ്പിച്ച് ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 21, 10:00 am
Saturday, 21st December 2019, 3:30 pm

പട്‌ന: എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തണമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയും ബിഹാറിലെ ഭരണകക്ഷിയുമായ ജെ.ഡി.യു. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ നേരത്തേതന്നെ എന്‍.ആര്‍.സിക്കെതിരെ നിലപാടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്‍.ഡി.എ കക്ഷികളെ വിളിച്ചു സമവായമുണ്ടാക്കണമെന്നും അതിനുള്ള നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും ജെ.ഡി.യു വക്താവ് കെ.സി ത്യാഗി ആവശ്യപ്പെട്ടു. അതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികളെയും പ്രതിഷേധക്കാരെയും വിളിച്ചു സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഹാറില്‍ എന്‍.ആര്‍.സി ഉണ്ടാകില്ലെന്ന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ശനിയാഴ്ച നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് എന്‍.ആര്‍.സി എന്നായിരുന്നു നിതീഷിന്റെ പ്രതികരണം.

അതേസമയം നിതീഷ് കുമാര്‍ എന്‍.ആര്‍.സിയെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയായ അകാലിദളും എന്‍.ആര്‍.സിയിലും പൗരത്വ ഭേദഗതി നിയമത്തിലും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ അഭിനന്ദിച്ച് കൊണ്ട് പ്രശാന്ത് കിഷോര്‍ നേരത്തെ രംഗത്തു വന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പഞ്ചാബ്, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പൗരത്വ ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.