കുട്ടകൊണ്ട് മൂടിയത് സി.സി.ടി.വി ക്യാമറയല്ല, എ.ഐ ക്യാമറ തന്നെ, ഇതാ തെളിവ്; സൈബര്‍ സഖാക്കള്‍ക്ക് ആദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു: പി.കെ ഫിറോസ്
കോഴിക്കോട്: പ്രതിഷേധ സമരത്തിന്റെ ഭാഗമായി കുട്ട ഉപയോഗിച്ച് മൂടിയ ക്യാമറ സി.സി.ടി.വി ക്യാമറയല്ല, മോട്ടോര്‍വാഹന വകുപ്പിന്റെ എ.ഐ. ക്യാമറ തന്നെയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് എ.ഐ.ക്യാമറ തന്നെയാണെന്ന് സമര്‍ത്ഥിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയത്.
പി.വി. അന്‍വര്‍ എം.എല്‍.എയെയും അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ച സൈബറിടത്തെ ഇടതു പ്രവര്‍ത്തകരെയും പരിഹസിച്ചു കൊണ്ടാണ് പി.കെ.ഫിറോസ് എ.ഐ.ക്യാമറ തന്നെയാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കൂടാതെ എ.ഐ.ക്യാമറ തന്നെയാണെന്ന് തെളിയിക്കുന്നതിനായി അഡ്വ. സജല്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും പി.കെ ഫിറോസ് തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
‘മറ്റൊരാളുടെ ക്രഷര്‍ ചൂണ്ടിക്കാണിച്ച് തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു പ്രവാസി മലയാളിയില്‍ നിന്നും അമ്പത് ലക്ഷം തട്ടിയെടുത്തത് പോലെ AI ക്യാമറ ചൂണ്ടിക്കാണിച്ച് അമ്പുക്ക C.C.T.V ആണെന്ന് സൈബര്‍ സഖാക്കളെ വിശ്വസിപ്പിച്ചിരിക്കുകയാണ്. തേഞ്ഞ് പോയ സൈബര്‍ സഖാക്കള്‍ക്കായി നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു’ എന്നാണ് പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസമാണ് പ്രതിഷേധ സമരത്തിന്റെ ഭാഗമായി പി.കെ.ഫിറോസ് എറണാകുളം മറൈന്‍ ഡ്രൈവിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ.ക്യാമറ കുട്ട ഉപയോഗിച്ച് മൂടിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
നിലമ്പൂര്‍ എം.എ.എല്‍ പി.വി അന്‍വര്‍ ഉള്‍പ്പെടെയുള്ള സൈബറിടങ്ങളില്‍ സജീവമായ ഇടത് പ്രൊഫൈലുകള്‍ ഇത് എ.ഐ.ക്യാമറയല്ലെന്നും സി.സി.ടി.വി ക്യാമറയാണെന്നും പറഞ്ഞ് പി.കെ.ഫിറോസിനെ പരിഹസിക്കുന്ന തരത്തിലാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ താന്‍ കുട്ട കൊണ്ട് മൂടിയത് എ.ഐ.ക്യാമറ തന്നെയാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സഹിതം പി.കെ.ഫിറോസ് രംഗത്ത് വന്നിട്ടുള്ളത്.
CONTENT HIGHLIGHTS: PK Firoz with proof that AI camera was covered with basket