പി.ജെ ജോസഫ്‌ ഇത്തവണത്തെ ഉയര്‍ന്ന ഭൂരിപക്ഷത്തിനുടമ; ഏറ്റവും കുറവ് അനില്‍ അക്കരയ്ക്ക്
Daily News
പി.ജെ ജോസഫ്‌ ഇത്തവണത്തെ ഉയര്‍ന്ന ഭൂരിപക്ഷത്തിനുടമ; ഏറ്റവും കുറവ് അനില്‍ അക്കരയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2016, 8:22 pm

pj and anil

കേരള നിയമസഭാ തെരെഞ്ഞെടുപ്പില്‍ 45,587 വോട്ടിന് എതിരാളിയെ തോല്‍പിച്ച് തൊടുപുഴയില്‍ നിന്ന് പി.ജെ ജോസഫ് ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയായി. എല്‍.ഡി.എഫിലെ അഡ്വ. റോയ് വാരിക്കാട്ടിനെ പിന്തള്ളിയാണ് പി.ജെ ജോസഫ് നേട്ടം കൈവരിച്ചത്. പി.ജെ ജോസഫ് 76,564 വോട്ടാണ് നേടിയത്.

വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയാണ് ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനുടമ. 43 വോട്ടിന്റെ ഭരിപക്ഷം. എല്‍.ഡി.എഫിലെ മേരി തോമസ് 65,144 വോട്ടാണ് നേടിയത്. അനില്‍ അക്കര നേടിയതാവട്ടെ 65,187 വോട്ടും.

ഒരു മെഷീനിലെ വോട്ടെണ്ണാന്‍ കഴിയാത്തതിനാല്‍ വടക്കാഞ്ചേരിയില്‍ ആരാണ് യഥാര്‍ഥ വിജയി എന്ന തീരുമാനം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് വിട്ടിരിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു മെഷീനിലേക്ക് വോട്ട് മാറ്റിയ ശേഷമാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടെ ഫലം പ്രഖ്യാപിച്ചത്.

89 വോട്ടിന്റെ മുന്നേറ്റവുമായി യു.ഡി.എഫിലെ പി ബി അബ്ദുള്‍ റസാഖാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ രണ്ടാമന്‍. മഞ്ചേശ്വരത്ത് നിന്ന് ബി.ജെ.പി യുടെ കെ സുരേന്ദ്രനെ തോല്‍പിച്ചാണ് അദ്ദേഹം 89 എന്ന നേരിയ ഭൂരിപക്ഷവുമായി വിജയിച്ചത്.

ഇ.പി ജയരാജനാണ് മികച്ച ഭൂരിപക്ഷത്തില്‍ രണ്ടാമന്‍. മട്ടന്നൂരില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 43,381 വോട്ടാണ്. യു.ഡി.എഫിലെ കെ പി പ്രശാന്തായിരുന്നു അദ്ദേഹത്തിന്റെ എതിരാളി.

കല്യാശ്ശേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി വി രാജേഷിന് 42,891 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കടുത്തുരുത്തിയില്‍ നിന്ന് മത്സരിച്ച മോന്‍സ് ജോസഫ് 42,256 വോട്ടിനാണ് ജയിച്ചത്.

പയ്യന്നൂരില്‍ നിന്നുള്ള സി കൃഷ്ണന്‍ (40,263), ജയിംസ് മാത്യു, തളിപ്പറമ്പ്(40,617), പി ആയിഷ പോറ്റി, കൊട്ടാരക്കര(42,632) എന്നിവര്‍ 40,000 ത്തിന് മുകളില്‍ ഭൂരിപക്ഷം നേടി.