'പൗരത്വ ബില്ലിനെ തങ്ങള്‍ സ്വീകരിക്കില്ലെന്ന് പശ്ചിമ ബംഗാളും ബിഹാറും അറിയിച്ചു' , വിദേശ യാത്രയ്ക്ക് മുമ്പെങ്കിലും പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് പി.ജെ ജെയിംസ്
keralanews
'പൗരത്വ ബില്ലിനെ തങ്ങള്‍ സ്വീകരിക്കില്ലെന്ന് പശ്ചിമ ബംഗാളും ബിഹാറും അറിയിച്ചു' , വിദേശ യാത്രയ്ക്ക് മുമ്പെങ്കിലും പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് പി.ജെ ജെയിംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2019, 8:32 pm

കോഴിക്കോട്:കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അസം പൗരത്വ പട്ടിക രാജ്യ വ്യാപകമായി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ നവംബര്‍ 24 ന് പോകാനിരിക്കുന്ന വിദേശ യാത്രയ്ക്ക് മുമ്പെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം.എല്‍ നേതാവ് പി.ജെ ജെയിംസ്.
2019 ഒക്ടോബറില്‍ അവസാനം ചേര്‍ന്ന ബി.ജെ.പി, ആര്‍.എസ്.എസ് സംയുക്ത യോഗത്തില്‍ പൗരത്വ പട്ടിക രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. മുസ്‌ലീങ്ങളെ രണ്ടാം തരക്കാരായി കാണുന്ന പൗരത്വ ബില്ലിനെതിരെ പശ്ചിമ ബംഗാളും ബിഹാറും നിലപാടറിയിച്ചിട്ടുണ്ട്. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം പൗരത്വ പട്ടിക പശ്ചിമ ബംഗാളില്‍ കൊണ്ടു വരില്ലെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സാഹചര്യത്തില്‍ നിര്‍ണായകമായ ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വിദേശ യാത്രയ്ക്ക് പോവുന്നതിനു മുമ്പെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് പി.ജെ. ജെയിംസിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണ രൂപം,

‘അസാം മോഡല്‍ പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുന്നതെ സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.

ഛത്തര്‍പൂരിലെ ധ്യാന്‍ സാധന കേന്ദ്ര യില്‍ 2019 ഒക്ടോബര്‍ അവസാനം ചേര്‍ന്ന RSS ന്റെയും BJP യുടെയും സംയുക്ത യോഗമാണ് അസാം മോഡല്‍ ദേശീയ പൗരത്വപ്പട്ടിക (NRC) ഇന്ത്യക്കാകെ ബാധകമാക്കാനുള്ള ഔപചാരിക തീരുമാനം എടുത്തത്. അതേസമയം, 19 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നിഷേധിച്ച അസാം പൗരത്വപ്പട്ടികയില്‍ നിന്നു പുറത്തുപോയ ഒരു ഹിന്ദു പോലും ഇന്ത്യക്കു പുറത്തു പോകേണ്ടി വരില്ലെന്ന് സെപ്റ്റംബര്‍ മാസം തന്നെ RSS തലവന്‍ മോഹന്‍ ഭഗവത് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന്‍ പ്രകാരമാണ്, അസമില്‍ അടിച്ചേല്പിച്ച പൗരത്വപ്പട്ടിക ഇന്ത്യക്കാകെ ബാധകമാക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവം 20 ന് രാജ്യസഭയില്‍ നടത്തുകയുണ്ടായത്. അതേസമയം, ഹിന്ദു , സിഖ്, ബുദ്ധ, ജൈന, ക്രൈസ്തവ മതങ്ങളില്‍ പെട്ട എല്ലാ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നതും അപ്രകാരമുള്ള മുസ്ലീംങ്ങള്‍ക്ക് അത് നിഷേധിക്കുന്നതുമായ പൗരത്വ ഭേദഗതി ബില്‍ കൊണ്ടു വരുമെന്ന് അദ്ദേഹം കഴിഞ്ഞ മാസം തന്നെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍, മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കുന്ന ഹിന്ദു രാഷ്ട്ര രൂപവല്‍ക്കരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പൗരത്വപ്പട്ടികയും പൗരത്വ ഭേദഗതിയും. മാത്രമല്ല, 370-ാം വകുപ്പ് റദ്ദാക്കലും രാമ ക്ഷേത്ര അജണ്ടയും നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഒട്ടും അലംബാവം കാട്ടാതെ, പൗരത്വ പട്ടിക രാജ്യമാസകലം നടപ്പാക്കാനുള്ള ശ്രമത്തില്‍ മുഴുവന്‍ കേഡര്‍മാരും സജീവമായി രംഗത്തിറങ്ങാന്‍ RSS നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

1500 കോടി രൂപ ചെലവില്‍ അസമില്‍ 19 ലക്ഷത്തിലധികം പേരെ പൗരത്വ പട്ടികക്കു പുറത്താക്കിയ പരിപാടി ദേശവ്യാപകമാക്കുന്നതോടെ ഏകദേശം 400 ലക്ഷം (4 കോടി) പേര്‍ക്ക് പൗരത്വം നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ പക്ഷം 50000 കോടി രൂപയെങ്കിലും ഈ ബൃഹത് പദ്ധതിക്ക് വേണ്ടി വരുമെന്നും കരുതാവുന്നതാണ്. മാത്രമല്ല, പട്ടികക്കു പുറത്താകുന്നവരെ അനന്ത കാലത്തേക്ക് അടിമാദ്ധ്വാനം ഉപയോഗപ്പെടുത്തും വിധം അടിമകളായി അധിവസിപ്പിക്കുന്നതിനുള്ള തടങ്കല്‍ പാളയങ്ങള്‍ രാജ്യമാസകലം പൂര്‍ത്തീകരിക്കേണ്ടതുണ്ടു്. പ്രവചനാതീതമായ ആഭ്യന്തര പലായനങ്ങളിലേക്കും രാഷ്ട്രീയ സാമൂഹ്യ സംഘര്‍ഷങ്ങളിലേക്കും അരാജകത്വത്തിലേക്കുമാകും ഇതു രാജ്യത്തെ കൊണ്ടെത്തിക്കുക. പ്രത്യേകിച്ചും, ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത അതീവ ഗുരുതരമായ മാന്ദ്യത്തിലൂടെ ഇന്ത്യ കടന്നുപോകുമ്പോള്‍, ഇതു സംജാതമാക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

രാജ്യസഭയില്‍ അമിത്ഷായുടെ പ്രഖ്യാപനം വന്നതു മുതല്‍, മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന ഈ ഹിന്ദുത്വ ഫാസിസ്റ്റ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. താന്‍ അധികാരത്തിലുള്ള കാലത്തോളം, ഇത്തരമൊരു പൗരത്വ പട്ടിക പശ്ചിമ ബംഗാളിലേക്കു കടത്തിക്കൊണ്ടുവരാന്‍ അനുവദിക്കുകയില്ലെന്ന് ഷായുടെ പ്രസ്താവനക്കു പുറകെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു കഴിഞ്ഞു. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന ഈ ഏര്‍പ്പാട് നടപ്പാക്കില്ലെന്ന് ബിഹാര്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍, നിര്‍ണായകമായ ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. ജപ്പാനും കൊറിയയുമടക്കം ദീര്‍ഘിച്ച വിദേശപര്യടനത്തിനു പുറപ്പെടാന്‍ തയ്യാറെടുത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതിപ്രധാനമായ ഇക്കാര്യത്തെ സംബന്ധിച്ച് പുറപ്പെടുന്നതിനു മുമ്പെങ്കിലും അഭിപ്രായം പറയുമെന്ന് നമുക്കു പ്രതീക്ഷിക്കാം.’