ചെന്നൈ: രണ്ടാം ടെസ്റ്റിലെ കൂറ്റന്‍ തോല്‍വിയില്‍ പിച്ചിനെ പഴിക്കാനില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ചെന്നൈയിലെ വിക്കറ്റ് വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും എന്നാല്‍ തോല്‍വി ഭാരം പിച്ചിനെ ഏല്‍പ്പിക്കില്ലെന്നും റൂട്ട് പറഞ്ഞു.
ടോസ് നിര്‍ണായകമായിരുന്നെങ്കിലും വിജയിക്കാന്‍ അത് മാത്രം കാരണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്തി കളിക്കാന്‍ ഇന്ത്യയ്ക്കായി. റണ്‍സ് സ്‌കോര്‍ ചെയ്യാനും ഇത്തരമൊരു പിച്ചിനെ കൈകാര്യം ചെയ്ത് കളിക്കാനും ഇന്ത്യയ്ക്കായി. അതില്‍ നിന്നാണ് പാഠമുള്‍ക്കൊള്ളേണ്ടത്’, റൂട്ട് പറഞ്ഞു.
നേരത്തെ രണ്ടാം ടെസ്റ്റിനിടെ ചില ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യന്‍ പിച്ചുകളെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ അക്‌സര്‍ പട്ടേല്‍ രംഗത്തെത്തിയിരുന്നു.
‘ചെന്നൈയിലെ പിച്ച് യഥാര്‍ത്ഥത്തില്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയേറിയതാണ്. നിങ്ങള്‍ക്ക് മികച്ച ടേണ്‍ ലഭിക്കണമെങ്കില്‍ ശരിയായ ലെംഗ്തിലും സ്പോട്ടിലും എറിയണം. അല്ലാത്തപക്ഷം അതൊരു മികച്ച പന്തായിരിക്കില്ല’, പട്ടേല്‍ പറഞ്ഞു.
482 റണ്‍സിന്റെ അതീവ ദുഷ്‌കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തി.
സ്‌കോര്‍: ഇന്ത്യ 329, 286. ഇംഗ്ലണ്ട് 134, 164
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് നഷ്ടമായ 10 വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പങ്കിട്ടു. 21 ഓവറില്‍ 60 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്‌സര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിംഗ്‌സിലുമായി പട്ടേല്‍ ഏഴു വിക്കറ്റെടുത്തു.
ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന്‍, ഇത്തവണ 18 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
അവസാന നിമിഷങ്ങളില്‍ ആളിക്കത്തിയ മോയിന്‍ അലി 18 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. 92 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ജോ റൂട്ട്, മൂന്നു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു.
റണ്‍ അടിസ്ഥാനത്തില്‍ ഏഷ്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 2016-17ല്‍ ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്ത് 246 റണ്‍സിന് തോറ്റതായിരുന്നു ഇതിനു മുന്‍പത്തെ വലിയ തോല്‍വി. ഇംഗ്ലണ്ടിനെതിരെ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. 1986ല്‍ ലീഡ്‌സില്‍ നേടിയ 279 റണ്‍സ് വിജയമാണ് ഇന്ത്യ മറികടന്നത്.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതല്‍ അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക