ഈ കൂളിംഗ് ഗ്ലാസ്സും വെപ്പിച്ച് ഇത്രയും ലൈറ്റും ഇട്ട്, പിന്നെയും എടുക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് മമ്മൂക്ക; രസകരമായ അനുഭവം പങ്കുവെച്ച് പിഷാരടി
Movie Day
ഈ കൂളിംഗ് ഗ്ലാസ്സും വെപ്പിച്ച് ഇത്രയും ലൈറ്റും ഇട്ട്, പിന്നെയും എടുക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് മമ്മൂക്ക; രസകരമായ അനുഭവം പങ്കുവെച്ച് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th July 2021, 7:23 pm

കൊച്ചി: പഞ്ചവര്‍ണ്ണ തത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധര്‍വ്വന്‍. ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് പിഷാരടി.

2019 ഏപ്രിലില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ചിത്രത്തിന്റെ ഓര്‍മ്മകള്‍ പിഷാരടി പങ്കുവെച്ചത്.

”പാട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. ഉത്സവപ്പറമ്പില്‍ അറുന്നൂറോളം പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. മമ്മൂക്ക പാട്ട് പാടുന്ന സീനാണ് എടുക്കുന്നത്. ആദ്യം എടുത്തപ്പോള്‍ ഒന്ന് തെറ്റിയപോലെ തോന്നി.

ഞാന്‍ കട്ട് ചെയ്തു. രണ്ടാമതും തെറ്റിയപോലെ തോന്നി. ഞാന്‍ വീണ്ടും കട്ട് ചെയ്തു. സ്റ്റൈലിന് വേണ്ടി മമ്മൂക്കയ്ക്ക് ഒരു കൂളിംഗ് ഗ്ലാസ്സും വെച്ചുകൊടുത്തിട്ടുണ്ടായിരുന്നു. നല്ല ലൈറ്റൊക്കെ സ്റ്റേജില്‍ ഇങ്ങനെ അടിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ട് തവണ തെറ്റിയപ്പോള്‍ എന്നെ കൈകാട്ടി വിളിച്ചു. എന്നിട്ട് പുള്ളി ആ കൂളിംഗ് ഗ്ലാസ്സ് എനിക്ക് വെച്ചുതന്നു. എന്നിട്ട് പറഞ്ഞു ആ ലൈറ്റ് ഓണ്‍ ആക്കാന്‍.

ലൈറ്റിന്റ വെളിച്ചവും ഈ കൂളിംഗ് ഗ്ലാസ്സും കൂടി വെച്ച് പാട്ട് ബുക്ക് നോക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഇടിവെട്ടിയ പോലെ നിന്നു. അപ്പോള്‍ പുള്ളി പറഞ്ഞു.

നീ എനിക്ക് ഇതുപോലെയുള്ള പാട്ട് ബുക്കും തന്ന് കൂളിംഗ് ഗ്ലാസ്സും വെപ്പിച്ച് ഇത്രയും ലൈറ്റും ഇട്ട്, അവിടെയിരുന്ന് പിന്നെയും എടുക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ആദ്യം ഇതിന് ഒരു പരിഹാരം ഉണ്ടാക്ക്. എന്നാലെ എനിക്ക് പാടാന്‍ പറ്റുകയുള്ളുവെന്ന്,’ പിഷാരടി പറഞ്ഞു.

രമേഷ് പിഷാരടി സംവിധാനം ചെയ്ത് 2019 സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍.ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായികയായി എത്തിയത്.

രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു,അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Pisharadi Shares Experience With  Mammootty