പിറവം: പിറവം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശം ഉഛസ്ഥായിയിലെത്തിയ ഗംഭീരമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. ഇനി ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. അതിനു ശേഷം 17ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും.
വൈകിട്ട് അഞ്ചു മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് വേദി അനുവദിച്ചിരുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്തും ത്രീറോഡ് ജംഗ്ഷനിലും എത്തിച്ചേര്‍ന്നിരുന്നു. പ്രചാരണ വാഹനങ്ങളില്‍ നിന്നുയര്‍ന്ന ഗാനങ്ങളും സ്ഥാനാര്‍ഥികളുടെ കട്ടൗട്ടറുകളും കൊടികളുമുയര്‍ത്തി പ്രവര്‍ത്തകള്‍ ആര്‍ത്തലച്ചു. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളും കൊട്ടിക്കലാശത്തിനെത്തിയിരുന്നു.
അതേസമയം, പരസ്യപ്രചാരണം അവസാനിച്ചതോടെ പിറവത്തിന് പുറത്ത് നിന്നുള്ളവര്‍ മണ്ഡലത്തിന് പുറത്ത് പോകണം. ഇതുസംബന്ധിച്ച് കര്‍ശനമായ നിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. അതിനിടെ, വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജീകരിച്ച് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. 134 പോളിംഗ് ബൂത്തുകളിലായി 185 വോട്ടിംഗ് യന്ത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.