കൊച്ചി: പിറവം തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉപതിരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടിംഗ്് യന്ത്രങ്ങള്‍ സജീകരിച്ച് സ്‌ട്രോംങ്ങ് റൂമുകളിലേക്ക് മാറ്റി. 134 പോളിംഗ് ബൂത്തുകളിലായി 185 വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ട്. പ്രചരണത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഉച്ചസ്ഥായിയിലുള്ള പ്രചരണ പരിപാടികളായിരിക്കും ഇന്ന് പിറവത്ത് നടക്കുക.
പ്രചാരണങ്ങള്‍ വൈകീട്ട് 5 മണിക്ക് അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിന് പുറത്തുനിന്ന് വന്നിട്ടുള്ളവരെല്ലാം മാര്‍ച്ച് 15ന് വൈകീട്ട് 5 മണിക്കകം മണ്ഡലം വിടേണ്ടതാണ്. ഇതിന് വിരുദ്ധമായി മണ്ഡലത്തില്‍ തുടരുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കമ്മീഷന്‍ അറിയിച്ചു.
ആകെ 1,83,170 വോട്ടര്‍മാരാണ് പിറവം മണ്ഡലത്തിലുള്ളത്. 4,221 വോട്ടര്‍മാരാണ് ഇത്തവണ പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. സ്ത്രീ വോട്ടര്‍മാരാണ് പിറവം മണ്ഡലത്തില്‍ കൂടുതല്‍. 93,245 സ്ത്രീ വോട്ടര്‍മാരും 89,925 പുരുഷ വോട്ടര്‍മാരുമാണ് പിറവത്തുള്ളത്.
ജനുവരി 5 ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 1,78,869 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പുതിയ ഹിയറിംഗ് കഴിഞ്ഞപ്പോള്‍ 4230 വോട്ടര്‍മാര്‍ പട്ടികയില്‍ കൂടുതലായി ഇടംകണ്ടു. വോട്ടുചേര്‍ക്കുന്നതിന് 8426 അപേക്ഷകളാണ് പുതുതായി ലഭിച്ചിരുന്നത്. ഇതില്‍ 4857 പേര്‍ ഹിയറിംഗിന് എത്തി. 624 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.