തിരുവനന്തപുരം: കുവൈത്ത് അപകടത്തിന് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കുവൈത്ത് യാത്ര തടഞ്ഞ കേന്ദ്ര നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാരിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഔചിത്യമില്ലായ്മയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാന്നിധ്യം അറിയിക്കുന്നതും ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടം സന്ദര്‍ശിക്കുന്നതാണ് നാടിന്റെ സംസ്‌കാരം. ഞങ്ങള്‍ എല്ലാം ചെയ്തു പിന്നെന്തിനാണ് നിങ്ങള്‍ പോകുന്നതെന്ന് ചിലര്‍ ചോദിച്ചു. സാന്നിധ്യമറിയിക്കുന്നതും, ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദയാണ്. സംസ്ഥാനത്തിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം ഔചിത്യമില്ലായ്മയാണ്. മരിച്ച വീട്ടില്‍ പോകുന്നത് ആശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മന്ത്രിയുടെ യാത്രാ അനുമതി നിഷേധിക്കുകയാണ് ചെയ്തത്,’ മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുവൈത്തിന്റെ ഭാഗത്ത് നിന്ന് ശരിയായ ഇടപെടലാണ് അപകടത്തിന് ശേഷം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ കാരണമെന്താണ്, സുരക്ഷാ വീഴ്ച ഉണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ആരാണ് എന്നിവയില്‍ ഗൗരവകരമായ തുടര്‍നടപടികള്‍ കുവൈത്ത് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയോടെയാണ് 23 മലയാളികളടക്കം 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു.
Content Highlight: pinarayi vijyan about kuwait fire