ദല്‍ഹിയിലെ കര്‍ഷക സമരത്തെ അവഗണിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയാണ് അദ്ദേഹം; രാഹുലിനെതിരെ പിണറായി വിജയന്‍
Kerala News
ദല്‍ഹിയിലെ കര്‍ഷക സമരത്തെ അവഗണിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയാണ് അദ്ദേഹം; രാഹുലിനെതിരെ പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 6:59 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്റെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എല്‍.ഡി.എഫ് സര്‍ക്കാരിന് കിട്ടുന്ന സ്വീകാര്യത പ്രതിപക്ഷനിരയില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും തുടര്‍ന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ഓരോ സാധാരണക്കാരോടും ഒപ്പം സമയം ചെലവഴിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം കേരളത്തിനോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. ദല്‍ഹിയിലെ സമരവേദിയില്‍ 50 – ഓളം പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകസമരത്തെ അവഗണിച്ച് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

രാഹുലിന്റെ മണ്ഡലത്തില്‍ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകര്‍ന്നടിഞ്ഞതെന്ന് അന്വേഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഇന്ത്യയിലെ പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥ് പറയുന്നത് പ്രകാരം, ഏതാണ്ട് 6000 കോടി രൂപയുടെ നഷ്ടമാണ് രണ്ടായിരമാണ്ട് ആദ്യ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട്ടിലെ കാപ്പി, കുരുമുളക് തോട്ടങ്ങളിലുണ്ടായത്. ആയിരക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളിലും ആത്മഹത്യ ചെയ്തു. എന്നിട്ടും കര്‍ഷകര്‍ സമരം തുടരുകയാണ്. കോണ്‍ഗ്രസ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് വേണ്ടി കര്‍ഷകരോട് നിരുപാധികം മാപ്പ് പറയണം. നയങ്ങള്‍ തിരുത്തേണ്ടതായിരുന്നു. രാജ്യത്ത് പുതിയ ബദലുകള്‍ വേണം. അതിനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ടോ?’, മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Pinarayi Vijayan Slams Rahul Gandhi