ന്യൂദല്‍ഹി: നാട്ടില്‍ വികസനം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാരെ പ്രതിപക്ഷം സമരത്തിനിറക്കുകയാണ്. വൈകാരികമായ സമരമാണ് സില്‍വര്‍ലൈനിനെതിരെ ഇപ്പോള്‍ നടക്കുന്നത്. വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ അംഗീകരിക്കില്ല. ജനം കൃത്യമായി എല്ലാം മനസിലാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.
ഏറ്റെടുക്കാത്ത ഭൂമിക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. ഒരാളെയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ല. ആരും കിടപ്പാടം ഇല്ലാത്തവരായി മാറില്ല. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അതുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാളേയും ദ്രോഹിച്ച് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ല. പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു
മുമ്പ് ഗെയ്ല്‍ പദ്ധതി ആരംഭിച്ചപ്പോഴും സമാനമായ രീതിയില്‍ സമരമുണ്ടായിരുന്നു. പിന്നീട് ജനങ്ങള്‍ പദ്ധതിയെ കുറിച്ച് മനസിലാക്കി സര്‍ക്കാറിനൊപ്പം നിന്നു. സില്‍വര്‍ലൈന്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തരുതെന്നും പിണറായി പറഞ്ഞു.