ചാതുര്‍വര്‍ണ്യം തിരിച്ചു കൊണ്ടുവരാന്‍ ശ്രമം; ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല സംവരണമെന്ന് പിണറായി വിജയന്‍
Kerala News
ചാതുര്‍വര്‍ണ്യം തിരിച്ചു കൊണ്ടുവരാന്‍ ശ്രമം; ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല സംവരണമെന്ന് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2020, 8:16 am

കോട്ടയം: സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തില്‍ എത്തിയില്ലെന്നും അതുകൊണ്ട് ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല സംവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടു വരാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം സംവാദങ്ങളും ഒഴിവാക്കാനും കുഴിച്ചു മൂടിയ ജീര്‍ണതകളെ ഉയര്‍ത്തിപ്പിടിക്കാനും ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലായിരുന്നു സുപ്രീം കോടതിയുടെ വിധി.

ഭരണഘടനയുടെ 16(4) 16(4എ) വകുപ്പുകള്‍ പ്രകാരം സംവരണം വേണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര്‍ റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23ന് ഭാരത് ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എം.പിമാരും എം.എല്‍.എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ 142ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവോത്ഥാന കാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ ഇരുണ്ടകാലത്തേക്ക് ബോധപൂര്‍വ്വം തള്ളിയിടാനും ശ്രമിക്കുകയാണ് ചിലരെന്നും മുഖ്യമന്ത്രി പറഞ്ഞു.