തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവരാണെന്ന നയമല്ല സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ബാണാസുര വനമേഖലയില്‍ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യം മാവോയിസ്റ്റുകളാണ് വെടിവെച്ചതെന്നും ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് വെടിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേല്‍മുരുകന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള ആളാണെന്നും പതിനേഴാമത്തെ വയസ്സില്‍ ഒഡീഷയില്‍ കോരാപ്പുട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിച്ചതിന് വേല്‍മുരുകന്‍ പ്രതിയായി വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രമ്മേളനത്തില്‍ പറഞ്ഞു.
‘ഞങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റുകള്‍ മരിച്ചു വീഴേണ്ടവരാണെന്നു കരുതുന്നില്ല. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളില്‍ കേരള പൊലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്‍മുട്ടി എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ കോംബിംഗ് നടത്തിവന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം ഉണ്ടായി. അല്‍പ്പസമയത്തെ ഏറ്റുമുട്ടലിനു ശേഷം സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യൂണിഫോം ധാരിയായ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നത് കാണുന്നത്. തമിഴ്‌നാട് തേനി ജില്ലയിലെ അണ്ണാനഗര്‍ കോളനിസ്വദേശിയായ 33 വയസ്സുള്ള വേല്‍മുരുകനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അയാളുടെ കൈവശം പോയിന്റ് ത്രീ സീറോ ത്രീ റൈഫിള്‍ കാണപ്പെട്ടു. ആദ്യം വെടിയുതിര്‍ത്തത് മാവോവാദികളാണ്. ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് തിരിച്ചു വെടിവെച്ചത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നതിനാല്‍ പൊലീസിന്റെ ഭാഗത്ത് ആള്‍നാശമോ പരിക്കോ ഉണ്ടായിട്ടില്ല. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘമെന്നായിരുന്നു റിപ്പോര്‍ട്ട്,’ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഒപ്പം വേല്‍മുരുകന് നേരെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ പേരില്‍ നിരവധി കേസുകളും ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പതിനേഴാമത്തെ വയസ്സില്‍ ഒഡീഷയില്‍ കോരാപ്പുട്ട് ജില്ലയിലെ കോരാപ്പുട്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിച്ചതിന് വേല്‍മുരുകന്‍ പ്രതിയായി വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2007 ല്‍ തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ പെരിയകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃതമായി ആയുധപരിശീലനം നടത്തിയതിനും ഇദ്ദേഹം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് പിടികിട്ടാപുള്ളിയായി ഇദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നുഇയാളെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം സംഭവവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുന്നതിന് നടപടികളും സ്വീകരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.