എട്ട് മാവോവാദികളും ഒമ്പതാമത്തെ നിങ്ങളും | പ്രമോദ് പുഴങ്കര
Discourse
എട്ട് മാവോവാദികളും ഒമ്പതാമത്തെ നിങ്ങളും | പ്രമോദ് പുഴങ്കര
പ്രമോദ് പുഴങ്കര
Thursday, 5th November 2020, 4:22 pm

ഒരു മാവോവാദിയുടെ മരണം ഒരു മനുഷ്യന്റെ മരണമല്ല എന്ന് ധരിക്കുന്ന ഒരു സമൂഹമായി കേരളം മാറുകയാണ്. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുക എന്നത് മാവോവാദികളുടെ അനിവാര്യ വിധിയായി നാം തീര്‍പ്പു കല്‍പിപ്പിച്ചിരിക്കുന്നു. മാവോവാദിയുടെ മൃതദേഹത്തോട് ആദരവ് കാണിക്കേണ്ടതില്ല. വെടിയേറ്റു തുളഞ്ഞ മെലിഞ്ഞ ശരീരങ്ങള്‍ കാണാന്‍ അലമുറയിടുന്ന അവരുടെ ബന്ധുക്കളുടെ കുപ്പായത്തില്‍ കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്താം. ഏറ്റുമുട്ടല്‍ എന്ന തിരക്കഥയുടെ രംഗപാഠം പൂര്‍ണമാകുന്നതുവരെ ആരെയും അവിടേക്ക് കടത്താതിരിക്കാം. എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കാം. ഏതു നുണയും ഏറ്റുപാടാന്‍ പാകത്തില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നായകന്മാരെ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കാം. ഒരു മാവോവാദിയുടെ മരണം മരിക്കാത്ത അടിമകളുടെ ആഘോഷമാകുന്നത് അങ്ങനെയാണ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത് എട്ടാമത്തെ മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകമാണ്. എല്ലാം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പതിവ് തിരക്കഥയുടെ വള്ളിപുള്ളി വിടാത്ത ആവര്‍ത്തനങ്ങള്‍. വൈത്തിരിയില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേരളത്തിലെ രാഷ്ട്രീയ സമൂഹം അതൊന്നു ചര്‍ച്ച ചെയ്തതുപോലുമില്ല.

വൈത്തിരിയില്‍ കൊല്ലപ്പെട്ട സി.പി ജലീല്‍

ഈ ജനാധിപത്യം വ്യാജമാണെന്ന് പറയാനുള്ള അവകാശത്തെക്കൂടിയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്. അല്ലെങ്കില്‍ അതുകൂടിയായാലേ അത് ജനാധിപത്യമാകൂ. മരിച്ചാല്‍ കുഴിച്ചിടാനോ കത്തിക്കാനോ ഓരത്തുപോലും ഇല്ലാത്ത മനുഷ്യര്‍ ഉണരുന്നതിനെ അക്രമം എന്ന് വിളിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. അതൊരു ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആവശ്യമല്ല.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആ സ്വാതന്ത്ര്യം വ്യാജമാണെന്ന് പറഞ്ഞത് അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പില്‍ക്കാല ചരിത്രത്തെ മുഴുവന്‍ പല രീതിയില്‍ സ്വാധീനിച്ച, കൊല്‍ക്കത്ത തീസിസ് ഉണ്ടാകുന്നത് അതിനെത്തുടര്‍ന്നാണ്. ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെട്ടിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചു നിന്നു. ഇടതുപക്ഷ വ്യതിയാനമായി ആ തീരുമാനത്തെ പിന്നീട് പാര്‍ടി തള്ളിപ്പറഞ്ഞെങ്കിലും അന്നത്തെ കൊല്‍ക്കത്ത തീസിസിന്റെ പ്രമുഖ ഉപജ്ഞാതാവായ സഖാവ് ബി.ടി. രണദിവെ സി.പി.ഐ.എം പി.ബി അംഗമായാണ് മരിച്ചത്.

ബി.ടി. രണദിവെ

എത്രയോ സംഘങ്ങളായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് പിളര്‍ന്നു. എന്നിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും ആദ്യമുയര്‍ത്തുന്ന മുദ്രാവാക്യം ഇങ്ക്വിലാബ് സിന്ദാബാദ് എന്നാകുന്നത് നിരന്തരമായി ഉരുത്തിരിയുന്ന പോരാട്ടത്തിന്റെ പാതകളും പ്രയോഗങ്ങളും തീര്‍പ്പില്ലാത്ത ഒന്നായതുകൊണ്ടുകൂടിയാണ്. അതുകൊണ്ട് വിപ്ലവ രാഷ്ട്രീയത്തിന്റെ അവസാന വാക്കാകാനുള്ള ചരിത്രപരമായ പരിശുദ്ധി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആവശ്യമില്ലാത്ത ഒന്നാണ്.

മാവോവാദികള്‍ക്ക് കാട്ടിലേക്ക് പോകാനും കാടിറങ്ങാനുമുള്ള അവകാശം ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ അവകാശമാണ്. അതിന്റെ ശരിതെറ്റുകള്‍ ഒരു രാഷ്ട്രീയ സംവാദമാണ്. അതില്‍ ഭരണകൂടത്തിന്റെ തോക്കുകളുടെ കാഞ്ചികളില്‍ വിരലമര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കുമ്പോള്‍ അത് ഇടതുപക്ഷമല്ലാതാകുന്നു, അത് കമ്മ്യൂണിസ്റ്റുകാരല്ലാതാകുന്നു, എന്തിനേറെ, ഒരു ബൂര്‍ഷ്വാ ജനാധിപത്യവാദി പോലും അല്ലാതാകുന്നു.

നിയമവാഴ്ചയുടെ സകല മാനദണ്ഡങ്ങളേയും ലംഘിച്ചുകൊണ്ട് ഇന്ത്യയിലെ കാടുകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന്റെ തുടര്‍ച്ചയാണ് നമ്മള്‍ കേരളത്തിലെ കാടുകളില്‍ കാണുന്നത്. നൂറുകണക്കിന് ആദിവാസികളെയാണ് വ്യാജ ഏറ്റുമുട്ടലുകളില്‍ കൊന്നൊടുക്കിയത്. ആധുനിക ലോക ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വമായ വിധത്തില്‍ ആദിവാസി വംശഹത്യയ്ക്കായി ആദിവാസികളുടേതായ ‘സല്‍വാജുദും’ എന്നൊരു ഭരണകൂട പ്രായോജിത സായുധസേന വരെയുണ്ടാക്കി സര്‍ക്കാര്‍.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്

 

ബലാത്സംഗവും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവും അതിഭീകരമായ മര്‍ദ്ദനവുമെല്ലാം നിത്യസംഭവങ്ങളായ ഇന്ത്യന്‍ വനമേഖലകളില്‍ നിന്നും പുതിയ ‘Urban Naxal’ കളെ തേടി പുറത്തെത്തിയ ഭരണകൂടം ഒരു ജനാധിപത്യ സംവാദത്തിനും ഇടം നല്‍കാതെ നിരവധി രാഷ്ട്രീയ പൗരാവകാശ പ്രവര്‍ത്തകരെ തടവിലാക്കി.

ഭീമ കൊറേഗാവ് കേസിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കള്ളക്കേസിലുമായി ഇന്ത്യയിലെ മുന്‍ നിര രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും തടവിലിട്ടപ്പോള്‍ കേരളത്തില്‍ മാവോവാദി അനുകൂല ലഘുലേഖ കൈവശം വെച്ചതിന് രണ്ടുപേരെ യു.എ.പി.എ ചുമത്തി തടവിലിട്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച ഒരു ഭരണകൂടമാണ് ഇന്ത്യയിലുള്ളത്. ഖനന മാഫിയയും ഭൂവുടമകളും ഭരണകൂട സേനകളും ചവിട്ടി മെതിക്കുന്ന ഒരു ജനതയാണ് മാവോവാദികളെന്ന പേരില്‍ കൊല്ലപ്പെടുന്നത്. പതിനായിരക്കണക്കിന് അര്‍ദ്ധ സൈനികരെയാണ് മധ്യ ഇന്ത്യയില്‍ മാത്രം ഇതിനായി വിന്യസിച്ചിരിക്കുന്നത്. തൂക്കക്കുറവില്‍ ജനിച്ച, പോഷകാഹാരക്കുറവില്‍ വളര്‍ന്ന, വിദ്യാലയങ്ങള്‍ കാണാത്ത, ആധുനിക ചികിത്സ ഒരാഡംബരം മാത്രമായ, ശൂന്യമായ കണ്ണുകളുമായി ലോകത്തെ നോക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരോട് ഈ ഭരണകൂടം കാണിക്കുന്ന ഹിംസയേക്കാളും വലിയ എന്ത് അക്രമമാണ് അവരുടെ ചെറുത്തുനില്‍പ്പ് ഉണ്ടാക്കുന്നത്?

പിണറായി വിജയന്‍

ഫാഷിസം ഒരു ഭരണകൂടം മാത്രമല്ല അതൊരു സാമൂഹ്യ അവസ്ഥ കൂടിയാണ്. അത്തരമൊരു സാമൂഹ്യാവസ്ഥയില്‍ സ്വാഭാവികവത്കരിക്കപ്പെടുന്ന ഒന്നാണ് വിമത ശബ്ദങ്ങളുടെ ഉന്മൂലനം. എല്ലാ ഭരണകൂടങ്ങളും അതിന്റേതായ ഒരു രാഷ്ട്രീയ ധാര്‍മികതയെ സൃഷ്ടിക്കും. അത്തരമൊരു ധാര്‍മികത കൂടാതെ ഒരു രാഷ്ട്രീയാധികാര സംവിധാനത്തിന് നിലനില്‍ക്കാനാകില്ല. എന്നാല്‍ ആ രാഷ്ട്രീയധാര്‍മികതയുടെ സാധുത നിശ്ചയിക്കേണ്ടത് അത് പ്രാവര്‍ത്തികമാക്കപ്പെടുന്ന സമൂഹമാണ്. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ രാഷ്ട്രീയ ധാര്‍മികതയെ സ്വീകരിക്കുന്ന സമൂഹം ഭരണകൂടത്തിനപ്പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഭീകരതയാണുണ്ടാക്കുന്നത്.

കേരളത്തിലെ കാടുകളില്‍ നിന്ന് പുറത്തുവരുന്ന വെടികൊണ്ടു തുളഞ്ഞ ഒരു മാവോവാദിയുടെ മൃതദേഹവും ഈ സാമൂഹ്യ ഭീകരതയുടെ കൂടി സൃഷ്ടിയാണ്. അത്തരമൊരു ഭീകരത ഉണ്ടാക്കേണ്ടത് ഫാഷിസത്തിന്റെ നിലനില്പിനാവശ്യമാണ്. അതുണ്ടാക്കിക്കൊടുക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി നയിക്കുന്ന പോലീസ് സംവിധാനം കേരള സമൂഹത്തിന്റെ സകല ജനാധിപത്യ, കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രങ്ങളുടെയും എതിര്‍പക്ഷത്താണ്.

വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന ഓരോ മാവോവാദിക്കൊപ്പവും സ്വന്തം സമൂഹത്തിന്റെ രാഷ്ട്രീയ ജനാധിപത്യ ബോധത്തിന് നേരെയാണ് ഈ സര്‍ക്കാര്‍ നിറയൊഴിക്കുന്നത്. വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കാമായിരുന്നെങ്കില്‍ സ്വേച്ഛാധിപതികളുടെയും ഫാഷിസ്റ്റുകളുടെയും നീട്ടിപ്പിടിച്ച കൈകള്‍ക്കു മുന്നില്‍ വരിതെറ്റാതെ അണിനിന്നേനെ ഈ ലോകം. അങ്ങനെയൊന്നുണ്ടാകാതെയിരിക്കുന്നത് കാടുകളില്‍ അവസാനിക്കാതെ നാട്ടില്‍ പടര്‍ന്ന മനുഷ്യര്‍ നിരന്തരം ഉണര്‍ന്നുകൊണ്ടിരുന്നതാണെന്ന് സര്‍ക്കാരിനെ വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു.

‘മനുഷ്യനുണരുമ്പോള്‍’ എന്ന പുസ്തകമെഴുതിയത് മഹാരാഷ്ട്രയിലെ ആദിവാസികളുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ, അഖിലേന്ത്യാ കിസാന്‍ സഭയുടെ ആദ്യ വനിത അധ്യക്ഷയായിരുന്ന, സി.പി.ഐ.എം നേതാവ് ഗോദാവരി പരുലേക്കറാണ്. അതൊരു പുസ്തകത്തിന്റെ മാത്രം പേരല്ല. നാഗരികതയുടെ വികാസത്തിന്റെ പേരാണ്. മനുഷ്യര്‍ ഉണര്‍ന്നുകൊണ്ടേയിരിക്കുമെന്ന് കേരളത്തിലെ സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. അവര്‍, നിങ്ങള്‍ വെടിവെച്ചിട്ട മനുഷ്യരുടെ മുഖങ്ങള്‍ നിങ്ങള്‍ക്കായി ഓര്‍ത്തുവെക്കുമെന്നും.

Content Highlight: Pinarayi VIjayan, LDF Govt and The Continuous Encounters against Maoists

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍