കോഴിക്കോട്: നാലരക്കോടിയിലേറെ ജനസംഖ്യയുള്ള ഒറീസ്സയിലെ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക്കിന് ഒറിയ ഭാഷയില്‍ എഴുതാനോ സംസാരിക്കാനോ അറിയില്ല. ഇംഗ്ലീഷും ഫ്രഞ്ചും കിടിലനായി സംസാരിക്കുന്ന നവീന്‍ പട്‌നായിക്കിന് അല്പസ്വല്പം ഹിന്ദിയും അറിയാം. തപ്പിത്തടഞ്ഞുപോലും രണ്ടുവാക്ക് ഒറിയ സംസാരിക്കാന്‍ ഒറീസ മുഖ്യമന്ത്രിക്ക് കഴിയില്ല.
ഡൂണ്‍ സ്‌കൂളിന്റെ പ്രോഡക്റ്റായ നവീന്‍ പിതാവും മുന്‍ ഒറീസ്സ മുഖ്യമന്ത്രിയുമായ ബിജു പട്‌നായിക്കിന്റെ മരണത്തെ തുടര്‍ന്ന് 1997 ല്‍ തന്റെ അന്‍പത്തിയൊന്നാം വയസ്സിലാണ് രാഷ്ട്രീയരംഗത്തേക്ക് വരുന്നത്.
1997ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി ജയിച്ച നവീന്‍ ഒരുകൊല്ലത്തിനകം പാര്‍ടിയുമായി തെറ്റിപ്പിരിഞ്ഞുകൊണ്ട് ബിജു ജനതാദള്‍ രൂപീകരിച്ചു. തുടര്‍ന്ന് 1998 മുതല്‍ 2000 വരെയുള്ള രണ്ടുവര്‍ഷം വാജ്പേയ് സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നു.
2000ലെ ഒറീസ്സ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പം മത്സരിച്ചുകൊണ്ട് സംസ്ഥാനഭരണം പിടിച്ചെടുക്കാന്‍ നവീന്‍ പട്‌നായിക്കിന് കഴിഞ്ഞു. രാഷ്ട്രീയത്തിലിറങ്ങിയതിന്റെ മൂന്നാം വര്‍ഷം നവീന്‍ ഒറീസ്സയുടെ മുഖ്യമന്ത്രിയുമായി.
അന്നുമുതല്‍ ഇന്നുവരെ ഒറീസ്സയുടെ മുഖ്യമന്ത്രി സ്ഥാനത്ത് നവീന്‍ പട്‌നായിക്ക് തന്നെയാണ്. എന്നാല്‍ ഇന്നും അദ്ദേഹത്തിന് ഒറിയ ഭാഷ വഴങ്ങില്ല. പൊതുയോഗങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലും ഇംഗ്ലീഷിലാണ് ഇദ്ദേഹം സംസാരിക്കാറ്. വല്ലപ്പോഴും ഒറിയ നോക്കിവായിക്കാനുള്ള പരിശ്രമങ്ങള്‍ നടത്താറുമുണ്ട്.
Also Read: പശ്ചിമ ബംഗാളിലെ രഥയാത്ര; ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി
റോമന്‍ ആല്‍ഫബെറ്റില്‍ എഴുതി തയ്യാറാക്കിയ നവീന്‍ പട്‌നായിക്കിന്റെ പൊതുയോഗങ്ങളിലെ ഒറിയ പ്രസംഗങ്ങള്‍ ബഹുകോമഡിയാണ്. പത്രസമ്മേളനങ്ങളിലാണെങ്കില്‍ ഇംഗ്ലീഷില്‍ മാത്രമേ നവീന്‍ സംസാരിക്കുകയുള്ളൂ. ഒറിയയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വിവര്‍ത്തനം ചെയ്തുകൊടുക്കാന്‍ പ്രത്യേകം സ്റ്റാഫൊക്കെയുണ്ട്.
ഒറിയഭാഷ കേട്ടാല്‍ മനസ്സിലാവില്ലെങ്കിലും സവര്‍ണ്ണരാഷ്ട്രീയത്തെ ആ ഭാഷയില്‍ നിശിതം വിമര്‍ശിക്കുന്ന സ്വന്തം പാര്‍ടിയിലെ മന്ത്രിമാരെ പുറത്താക്കാന്‍ നവീന്‍ പട്‌നായിക്കിന് ഒരു വിവര്‍ത്തകന്റെയും സഹായം ആവശ്യംവരാറില്ല. ബ്രാഹ്മണജാതിക്കാര്‍ക്കെതിരെ പ്രസംഗിച്ചു എന്ന കുറ്റത്തിനാണ് കൃഷി വകുപ്പ് മന്ത്രിയും ബിജു പട്‌നായിക്കിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന സീനിയര്‍ ലീഡര്‍ ദാമോദര്‍ റൗട്ടിനെ മന്ത്രിസ്ഥാനത്തുനിന്നും പാര്‍ടി പദവികളില്‍ നിന്നും നവീന്‍ പട്‌നായിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്താക്കിയത്.
ഇക്കഴിഞ്ഞ മാസം ബിജു സമതാ ക്രാന്തി ദള്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ദാമോദര്‍ റൗട്ട് എന്ന ബഹുജന്‍ നേതാവിപ്പോള്‍. എന്നാല്‍ 1998ല്‍ ബിജു ജനതാദള്‍ രൂപീകരിച്ച സമയത്ത് പുതുമുഖമായ നവീന്‍ പട്‌നായിക്കിനുകിട്ടിയ സ്വീകാര്യത, പതിറ്റാണ്ടുകളായി രാഷ്ട്രീയരംഗത്തുള്ള ദാമോദര്‍ റൗട്ടിന് കിട്ടില്ലെന്ന് ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രീതിയറിയുന്നവര്‍ക്ക് പ്രവചിക്കാന്‍ കഴിയുന്നതേയുള്ളൂ.
ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത പ്രധാനമന്ത്രിയുണ്ടായാല്‍ അതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നാല്‍ സംസ്ഥാന ഭാഷ തീരേ അറിയാത്ത ഒരു മുഖ്യമന്ത്രി അത്ഭുതം തന്നെയാണ്. അതും കഴിഞ്ഞ പതിനെട്ടുവര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തുതുടര്‍ന്നിട്ടും ഇന്നുമയാള്‍ക്ക് ആ ഭാഷയില്‍ സംസാരിക്കാനറിയില്ലെന്നത് കൂടുതല്‍ ആശ്ചര്യകരമാണ്.
അതൊക്കെ പോട്ടെ, ഇത്രയും പറഞ്ഞുവന്നത് മറ്റൊരു കാര്യം പറയാന്‍വേണ്ടി മാത്രമാണ്. നാലരക്കോടി ജനതയുടെ ഭാഷയറിയാതെ പതിനെട്ടുകൊല്ലം അവരെ ഭരിക്കാന്‍ നവീന്‍ പട്‌നായിക്കിന് കഴിഞ്ഞത് അയാളുടെ ജാതി പ്രിവിലേജും കുടുംബപശ്ചാത്തലവും കാരണം മാത്രമാണ്.
ദാമോദര്‍ റൗട്ടിനില്ലാത്തതും നവീന്‍ പട്‌നായിക്കിനുള്ളതുമായ ആ സവര്‍ണ്ണ സ്വീകാര്യതയാണ് രാഷ്ട്രീയത്തില്‍ അവരുടെ വഴിയെ രണ്ടുരീതിയില്‍ അടയാളപ്പെടുത്തിയത്. അന്‍പത്തിയൊന്നാം വയസ്സില്‍ ഒറീസ്സ രാഷ്ട്രീയത്തില്‍ പൊടുന്നനെ അവതരിച്ച് അന്‍പത്തിനാലാം വയസ്സില്‍ മുഖ്യമന്ത്രി സ്ഥാനം കൈപ്പിടിയിലാക്കാന്‍ നവീന്‍ പട്‌നായിക്കിനെ സഹായിച്ചത് മേല്‍പ്പറഞ്ഞ പ്രിവിലേജുകളല്ലാതെ മറ്റെന്താണ്.
സഖാവ് പിണറായി വിജയനില്ലാതെപോയതും ഇത്തരം ജാതി പ്രിവിലേജുകളാണ്. എന്നിട്ടും മുണ്ടയില്‍ കോരന്റെ മകന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതും കേരളത്തിന്റെ മുഖ്യമന്ത്രിയായതും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ചൊരുക്കാണ് ജന്മഭൂമിയിലെ സവര്‍ണ്ണദൃഷ്ടികളെക്കൊണ്ട് ആ കാര്‍ട്ടൂണ്‍ വരപ്പിച്ചത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അലിഖിത നിയമങ്ങള്‍ ഏതാണ്ട് അങ്ങിനെയൊക്കെയാണ്. എലീറ്റുകള്‍ക്കും സവര്‍ണ്ണ മൂരാച്ചികള്‍ക്കും മാത്രം പറഞ്ഞതാണ് മുഖ്യമന്ത്രിപ്പണി. കോണ്‍ഗ്രസ്സായാലും ബി.ജെ.പിയായാലും മുന്‍ രാജവംശക്കാരെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താനാണ് എന്നും മത്സരിച്ചിട്ടുള്ളത്.
സവര്‍ണ്ണജാതിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധികാര രാഷ്ട്രീയത്തില്‍ അധികമൊന്നും പിടിച്ചുനില്‍ക്കാനുമാവാറില്ല. അവിടെയാണ് കേരളത്തിലെ ഒരു പാര്‍ടി പിന്നെയും പിന്നെയും കീഴാളരെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നത്. ജന്മഭൂമിക്കിതെങ്ങനെ സഹിക്കാന്‍ കഴിയാനാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും വരുന്ന സഖാവ് ദശരഥ് ദേബ് 1993 മുതല്‍ 1998 വരെ ത്രിപുരയിലെ മുഖ്യമന്ത്രി പദത്തിലിരുന്നപ്പോഴും ഇതേ ചൊരുക്കായിരുന്നു അന്നാട്ടിലെ സവര്‍ണ്ണ മൂരാച്ചികള്‍ക്ക്.