ക്യാപ്റ്റന്‍ വിളിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി; അതൊക്കെ ആളുകളുടെ താത്പര്യം
Kerala
ക്യാപ്റ്റന്‍ വിളിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി; അതൊക്കെ ആളുകളുടെ താത്പര്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd April 2021, 11:31 am

തിരുവനന്തപുരം: ക്യാപ്റ്റന്‍ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ക്ക് താത്പര്യം വരുമ്പോള്‍ അങ്ങനെ പലതും വിളിക്കുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി’ – എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പ്രസിദ്ധീകരണത്തില്‍ അങ്ങനെ ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടോ? പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞത്.

മുസ്‌ലിം ലീഗ് യു.ഡി.എഫ് വിട്ടു വരുമെന്ന് തോന്നുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ‘എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്പ്യനായി നടക്കുന്നത്. ഞങ്ങള്‍ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന വാശിയില്‍ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാല്‍ ലീഗ് അണികള്‍, ലീഗിനോട് ഒപ്പം നില്‍ക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോള്‍ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്. രേഖകള്‍ പുറത്ത് വിടും എന്ന് പറയാതെ ചെന്നിത്തല അതൊക്കെ പുറത്ത് വിടട്ടെ. താന്‍ പറഞ്ഞ നുണ ബോംബുകളില്‍ ഒന്നാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വൈദ്യുതി വാങ്ങിയത് പൊതുമേഖലയില്‍ നിന്നാണ്. സോളാര്‍ എനര്‍ജി കോര്‍പ്പേറഷനുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പുവെച്ചത്. ഇത് കേന്ദ്രം അംഗീകരിച്ച സ്ഥാപനമാണ്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ പലരില്‍ നിന്നും വൈദ്യുതി വാങ്ങുന്നുണ്ടാകും. അദാനിയുമായി കെ.എസ്.ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi response on Captain remarks