തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനയച്ച കത്ത് പുറത്ത്.
ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഇല്ലാതെ വായിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ഈ കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ് പ്രമേയം വായിക്കുന്നത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
താന്‍ അനുകൂലിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രമേയം വായിക്കുന്നത് എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗവര്‍ണറുമായി മുഖ്യമന്ത്രി അന്തര്‍ധാര സജീവമാക്കിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. അടുത്ത ആഴ്ച ലാവ്‌ലിന്‍ കേസ് കോടതിയില്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്തുവരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്നും കേരള ജനതയെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ എത്താനിരിക്കെ കേന്ദ്ര സര്‍ക്കാരുമായി പാലമിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.