പിയേഴ്‌സ് മോര്‍ഗന്‍ റൊണാള്‍ഡോയുടെ കരിയര്‍ നശിപ്പിച്ചു; പ്രതിഷേധിച്ച് ആരാധകര്‍
Football
പിയേഴ്‌സ് മോര്‍ഗന്‍ റൊണാള്‍ഡോയുടെ കരിയര്‍ നശിപ്പിച്ചു; പ്രതിഷേധിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st December 2022, 11:51 am

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ ഇല്ലാതാക്കിയത് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന്‍ ആണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്ത്.

ടോക്ക് ടി.വിയിലെ പിയേഴ്സ് മോര്‍ഗന്റെ ടോക്ക് ഷോയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള പരാമര്‍ശങ്ങളാണ് ക്ലബ്ബ് വിട്ട് പോകുന്നതിലേക്ക് താരത്തെ എത്തിച്ചതെന്നും അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ച് മോര്‍ഗന്‍ റൊണാള്‍ഡോയെ പ്രതിസന്ധിയിലാക്കുകയായിരുന്നെന്നും ആരാധകര്‍ ആരോപിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്കിടയാക്കുകയും യുണൈറ്റഡ് താരത്തെ ക്ലബ്ബ് വിട്ട് പോകാന്‍ അനുവദിക്കുകയുമായിരുന്നു.

മോര്‍ഗന്റെ അഭിമുഖം ഇല്ലായിരുന്നെങ്കില്‍ റൊണാള്‍ഡോക്ക് കുറച്ച് കാലം കൂടി യുണൈറ്റഡില്‍ തുടരാമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ പ്രതിഷേധം. യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയെങ്കിലും താരം യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഏതിലെങ്കിലും കളിച്ചുകാണണമെന്ന് തന്നെയാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് മുന്‍നിര ക്ലബ്ബുകളൊന്നും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയിരുന്നില്ല. തുടര്‍ന്നാണ് റൊണാള്‍ഡോ അല്‍ നസറിന്റെ ഓഫര്‍ സ്വീകരിക്കുന്നത്. 120 മില്യണ്‍ യൂറോക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് താരം അല്‍ നസറിലേക്ക് ചേക്കേറിയത്.

2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തില്‍ വേണ്ടവിധം കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാന്‍ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു. ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടരുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിലും റോണോക്ക് ഫോമില്‍ തിരിച്ചെത്താനായിരുന്നില്ല. ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ രണ്ട് മത്സരങ്ങളിലും താരത്തെ ബെഞ്ചിലിരുത്തുകയായിരുന്നു.

Content Highlights: Piers Morgan destroys Cristiano Ronaldo’s career, claims fans