വെടിയേറ്റു വീണ ഗാന്ധി; കേരളത്തിന്റെ 2020-21ലെ ബജറ്റിന്റെ കവര്‍ചിത്രം ചര്‍ച്ചയാകുന്നു
Kerala News
വെടിയേറ്റു വീണ ഗാന്ധി; കേരളത്തിന്റെ 2020-21ലെ ബജറ്റിന്റെ കവര്‍ചിത്രം ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 1:31 pm

തിരുവനന്തപുരം: 2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ കവര്‍ ഫോട്ടോയായത് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഈ ചിത്രം.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രം ബജറ്റിന്റെ കവറായി വരുന്നത്.

മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്ന് ബി.ജെ.പി എം.പി അനന്ത ഹെഡ്‌ഗെ പറഞ്ഞത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. ഗാന്ധിജി അടക്കമുള്ള നേതാക്കള്‍ക്കൊന്നും ഒരിക്കല്‍ പോലും പൊലീസിന്റെ തല്ല് കിട്ടിയിട്ടില്ല. അതൊരു യഥാര്‍ത്ഥ പോരാട്ടമല്ലായിരുന്നെന്നും അപ്പോള്‍ അവരെ എങ്ങനെയാണ് ‘മഹാത്മാ’ എന്ന് വിശേഷിപ്പിക്കുകയെന്നുമായിരുന്നു അനന്ത് കുമാര്‍ ഹെഡ്‌ഗെ ചോദിച്ചത്.

അതേസമയം ഗുജറാത്തിലെ അംറേലിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തിരുന്നു. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതിചെയ്യുന്ന പ്രതിമയാണ് അജ്ഞാതര്‍ ജനുവരി മൂന്നിന് രാത്രിയില്‍ തകര്‍ത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന് വിശദീകരിക്കാനാവശ്യപ്പെട്ട് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ ചോദ്യപേപ്പറില്‍ ചോദ്യം വന്നതും വിവാദമായിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചോദ്യപേപ്പറിലായിരുന്നു ഇത്തരത്തിലുള്ള ചോദ്യം വന്നത്.

മഹാത്മാ ഗാന്ധിയെ ആര്‍.എസ്.എസുകാരനായ നാഥൂറാം വിനായക ഗോഡ്‌സെ വെടിവെച്ചു കൊന്നതാണെന്ന പൊതു സത്യത്തെ മറച്ചുവെക്കാനായിരുന്നു ഇത്തരത്തിലൊരു ചോദ്യം വന്നതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിയുടെ ചിതാ ഭസ്മം മോഷ്ടിക്കപ്പെട്ടതും ഗാന്ധി ഭവന് മുന്നിലെ പോസ്റ്ററില്‍ രാജ്യദ്രോഹി എന്നെഴുതി വെച്ചതും നേരത്തെ വിവാദമായിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് ഗാന്ധിക്കെതിരെയുള്ള പ്രചരണങ്ങളും ശക്തമാകുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണിത്. ധനമന്ത്രി തോമസ് ഐസക്കിന്റെ 11മാത്തെ ബജറ്റുമാണിത്. കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് ആരംഭിച്ച ബജറ്റില്‍ പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ മന്ത്രി തോമസ് ഐസക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല പൗരത്വം മാത്രമാണ് അവരുടെ പ്രശ്നമാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.