ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വില കൂടും; കാരണം വ്യക്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
national news
ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വില കൂടും; കാരണം വ്യക്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th February 2020, 7:43 pm

മുംബൈ: രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ പെട്രോള്‍ വില കൂടുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പെട്രോള്‍ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സള്‍ഫര്‍ കുറഞ്ഞ ഇന്ധനം വിപണിയിലെത്തുന്നതോടെയാണ് വില വര്‍ധനയുണ്ടാവുന്നത്.

സള്‍ഫര്‍ കുറഞ്ഞ ഇന്ധനത്തിന്റെ സജ്ജീകരത്തിനായി കമ്പനി ഇതിനോടകം തന്നെ 17,000 കോടി രൂപ ചെലവാക്കി കഴിഞ്ഞു. ഇത് തിരിച്ചുപിടിക്കാനാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഏപ്രില്‍ ഒന്നു മുതല്‍ രാജ്യം പുതിയ ഇന്ധനത്തിലേക്ക് മാറുന്നതോടെ വിലയില്‍ തീര്‍ച്ചയായും വര്‍ധനവുണ്ടായേ തീരൂ. നിലവില്‍ 50 പി.പി.എം സള്‍ഫറാണ് ഇന്ധനത്തില്‍ ഉള്ളത്. അത് 10 പി.പി.എം ആക്കി ചുരുക്കുകയാണ്’, സഞ്ജീവ് സിങ് വിശദമാക്കി.

ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുടക്കിയ തുക മുഴുവനായും തിരിച്ചുപിടിക്കാനുള്ള ഉദ്ദേശം കമ്പനിക്കില്ല. എന്നാല്‍, രാജ്യവ്യാപകമായി വരുത്തുന്ന മാറ്റമായതിനാല്‍ ചെറിയ വര്‍ധന വരുത്താതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ 35,000 കോടി രൂപയാണ് റിഫൈനറികള്‍ പുതുക്കാന്‍ മുടക്കിയത്. 17,000 കോടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഒറ്റയ്ക്ക് ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ