പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സി.പി.ഐ.എം നേതാക്കള്‍ക്ക് ജാമ്യം
periya murder case
പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സി.പി.ഐ.എം നേതാക്കള്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 8:33 pm

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് സി.പി.ഐ.എം നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം. സി.പി.ഐ.എം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കിയത്.

ഏതു സമയത്തും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു.

കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഇന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണു മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

കല്ല്യോട്ടുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.