പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന്റെ പരിക്കില്‍ ആശങ്ക
Sports News
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന്റെ പരിക്കില്‍ ആശങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd September 2024, 9:29 am

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റ്ഹാമിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയത്. മത്സര ശേഷം ടീമിലെ മികച്ച അറ്റാക്കര്‍ ഫില്‍ ഫോഡറെക്കുറിച്ച് സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള സംസാരിച്ചിരുന്നു.

പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ചെല്‍സിക്കെതിരെ രണ്ട് ഗോളിന് സിറ്റി വിജയിച്ചിരുന്നു. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഫില്ലിന് പരിക്ക് പറ്റുകയായിരുന്നു. ഇതോടെ ഇപ്സ്വിച്ച് ടൗണിനും വെസ്റ്റ്ഹാമിനുമെതിരായ സിറ്റിയുടെ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ താരത്തിന് നഷ്ടമായി.

‘അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം, അവന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെല്‍സിക്കെതിരെ 45 മിനിറ്റ് കളിച്ചു, പക്ഷേ പിന്നീട് അവന് സുഖം തോന്നിയില്ല. അവന് മെഡിക്കല്‍ ടെസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുന്നു.

പക്ഷെ പൂര്‍ണമായി അവന്‍ സുഖപ്പെട്ടിട്ടില്ല. ഞങ്ങള്‍ അവന് സുഖം പ്രാപിക്കാനുമുള്ള സമയം കൊടുക്കുകയാണ്. അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം അവന്‍ തിരിച്ചുവന്ന് ഗെയിമുകള്‍ക്ക് തയ്യാറാകുമെന്ന് വിശ്വസിക്കുന്നു,’ സ്പാനിഷ് മാനേജര്‍ പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്താണ് സിറ്റി. ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ രണ്ടാം സ്ഥാനത്ത് ഒമ്പത് പോയിന്റ് സ്വന്തമാക്കി ലിവര്‍പൂളും ഒപ്പത്തിനൊപ്പമുണ്ട്.

ഏഴ് പോയിന്റ് സ്വന്തമാക്കി ബ്രൈട്ടണ്‍ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ആഴ്‌സണലും ന്യൂകാസ്റ്റിലും നാല് അഞ്ച് സ്ഥാനത്താണ്. ഇരുവര്‍ക്കും ഏഴ് പോയിന്റാണുള്ളത്.

 

Content Highlight: Pep Guardiola Talking About Manchester City Player