പി.ഡി.പിയില്‍ നിന്ന് വീണ്ടും രാജി; മുതിര്‍ന്ന നേതാവ് റമസാന്‍ ഹുസൈന്‍ ബി.ജെ.പിയില്‍
national news
പി.ഡി.പിയില്‍ നിന്ന് വീണ്ടും രാജി; മുതിര്‍ന്ന നേതാവ് റമസാന്‍ ഹുസൈന്‍ ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 8:42 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന പി.ഡി.പി നേതാവ് റമസാന്‍ ഹുസൈന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശീയ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്.

രാജ്യത്തെയും ദേശീയ പതാകയേയും അപമാനിക്കുന്ന ആരെയും ജമ്മു കശ്മീര്‍ ജനത പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും റമസാന്‍ പറഞ്ഞു. കശ്മീര്‍ ഇപ്പോള്‍ ശരിയായ പാതയിലാണെന്നും ശരിയായ സ്ഥലത്താണ് താനെത്തി ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം പി.ഡി.പിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ രാജിവെച്ചിരുന്നു. ടി.എസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ. വഫ, എന്നിവരാണ് രാജിവെച്ച് പുറത്തുപോയത്.

മെഹബൂബ മുഫ്തിയുടെ ചില പ്രസ്താവനകളാണ് തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. മുഫ്തിയുടെ ചില പരാമര്‍ശങ്ങളും പ്രസ്താവനകളും രാജ്യസ്നേഹ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ഭരണഘടനാ ഭേദഗതി പിന്‍വലിക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇന്ത്യന്‍ പതാക കൈവശം വെയ്ക്കാനോ തനിക്ക് താല്പര്യമില്ലെന്ന് മുഫ്തി പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിനെ കൊള്ളക്കാര്‍ എന്ന് വിളിച്ചായിരുന്നു മുഫ്തിയുടെ പരാമര്‍ശം. കശ്മീരിന്റെ പ്രത്യേക പതാക പുനസ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ മുഫ്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; PDP Leader Joins In Bjp