'സുപ്രീം കോടതിയും തെര. കമ്മീഷനും ബി.ജെ.പിക്കൊപ്പം നിന്നു'; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പി.സി വിഷ്ണുനാഥ്
karnataka bypolls
'സുപ്രീം കോടതിയും തെര. കമ്മീഷനും ബി.ജെ.പിക്കൊപ്പം നിന്നു'; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പി.സി വിഷ്ണുനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 10:44 am

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പു ഫലം തിരിച്ചടിയായതില്‍ സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അവരുടെ അജണ്ടയുടെയും ഭാഗമായി നിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വ്യത്യസ്തമായ ഫലമുണ്ടാകുമെന്നു ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. ഒരുപാട് വെല്ലുവിളികളുള്ള തെരഞ്ഞെടുപ്പായിരുന്നു. കൂറുമാറിയ എം.എല്‍.എമാരെ സ്പീക്കര്‍ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കുകയായിരുന്നു ചെയ്തത്.

പക്ഷേ, സുപ്രീം കോടതി അയോഗ്യത അംഗീകരിക്കുകയും മത്സരിക്കാന്‍ അവര്‍ യോഗ്യരാണെന്നു വിധിക്കുകയും ചെയ്തു. അപൂര്‍വമായ ഒരു വിധിയാണത്. അയോഗ്യരാണെന്നു പറയുകയും മത്സരിക്കാന്‍ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, നോമിനേഷന്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെയ്ക്കാറില്ല, കോടതി പറയാറുമില്ല.

പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോടു പറഞ്ഞു, ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ മാറ്റിവെയ്ക്കുകയാണ്. കാരണം, ഈ അയോഗ്യരാക്കപ്പെട്ടവര്‍ക്കു മേലുള്ള സുപ്രീം കോടതി വിധി വരണം. തങ്ങള്‍ക്ക് അനുകൂലമായ വിധിയാണു വരാന്‍ പോവുന്നതെന്ന് ബി.ജെ.പി നേതാവ് യെദിയൂരപ്പ പരസ്യമായി പറയുന്ന സാഹചര്യമുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒടുവില്‍ അങ്ങനെയൊരു വിധിയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കു മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊടുത്തു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മുതലുള്ള സ്ഥാപനങ്ങള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ, അജണ്ടയുടെ ഭാഗമായി നില്‍ക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്.’ അദ്ദേഹം പറഞ്ഞു.