കൊച്ചി: സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റിക്കുമാണ് വിന്‍സി പരാതി നല്‍കിയത്.
നേരത്തെ ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും വെള്ളപ്പൊടി നടന്റെ വായില്‍ നിന്നും വീഴുന്നത് കണ്ടിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഷൈന്‍ ടോം ചാക്കോയുമായി സൂത്രവാക്യം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു നടന്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടതെന്നാണ് റിപ്പോര്‍ട്ട്.
കുറച്ച് ദിവസം മുമ്പ് നടി വിന്‍സി അലോഷ്യസ് താന്‍ ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67ാം പ്രവര്‍ത്തനവര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു വിന്‍സി ഇക്കാര്യം പറഞ്ഞത്.
പിന്നാലെ താന്‍ ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണവും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
താന്‍ ഒരു സിനിമയുടെ ഭാഗമായപ്പോള്‍ അതിലെ മെയിന്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് തനിക്കും തന്റെ സഹപ്രവര്‍ത്തകയ്ക്കും മോശമായ അനുഭവമുണ്ടായെന്നായിരുന്നു വിന്‍സി പറഞ്ഞത്. ലഹരി ഉപയോഗിച്ച് തങ്ങളോട് രണ്ട് പേരോടും നടന്‍ മോശമായ രീതിയിലും പറഞ്ഞാല്‍ മനസിലാകാത്ത രീതിയിലും പെരുമാറിയെന്നും വിന്‍സി പറഞ്ഞിരുന്നു.
തന്റെ ഡ്രസിന് ഒരു പ്രശ്നം വന്നപ്പോള്‍ താന്‍ അത് കറക്ട് ചെയ്യാനായി പോയപ്പോള്‍ ആ സമയത്ത് ഞാനും കൂടി വരാമെന്നും ഞാന്‍ റെഡിയാക്കി തരാമെന്നും നടന്‍ പറഞ്ഞിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
കൂടാതെ ഒരു സീന്‍ പ്രാക്ടീസിന്റെ ഇടയില്‍ ആ വ്യക്തിയുടെ വായില്‍ നിന്ന് വെള്ള നിറത്തിലുള്ള എന്തോയൊന്ന് ടേബിളിലേക്ക് തെറിച്ചുവെന്നും അതുകൊണ്ട് തന്നെ അയാള്‍ അത് സിനിമയുടെ സെറ്റില്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വളരെ എവിഡെന്റായിരുന്നുവെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight: Shine Tom Chacko misbehaved with Vinci Aloysius on the set of the movie; Actress files complaint