Kerala News
സിദ്ദിഖ് കാപ്പന്റെ വീട്ടിലേക്കുള്ള പൊലീസിന്റെ ദുരൂഹ സന്ദര്‍ശനം; ഡി.ജി.പിക്ക് പരാതി നല്‍കി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 17, 04:09 am
Thursday, 17th April 2025, 9:39 am

മലപ്പുറം: പൊലീസിന്റെ ദുരൂഹ സന്ദര്‍ശനത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. പൊലീസ് നടത്തിയ ദുരുഹ സന്ദര്‍ശനത്തില്‍ വ്യക്തത തേടിയാണ് റൈഹാനത്ത് ഡി.ജി.പിക്ക് പരാതി നല്‍കിയത്. അനാവശ്യ പീഡനങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യമുണ്ടെന്നും അഭിഭാഷകന്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 12ന് വൈകീട്ട് ആറോടെ വീട്ടിലെത്തിയ രണ്ട് പൊലീസുകാര്‍ അര്‍ധരാത്രി പരിശോധനക്കെത്തുമെന്ന് അറിയിച്ചിരുന്നുവെന്നും എന്തിനാണ് പരിശോധനയെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും റൈഹാനത്ത് പറഞ്ഞു.

രാത്രി 12 കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് നേരത്തെ ചോദിക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് റൈഹാനത്ത് പറഞ്ഞു. എന്നാല്‍ നേരത്തെ ഉറപ്പുവരുത്തിയത് പോലെ അര്‍ധരാത്രിയില്‍ പൊലിസ് എത്തിയില്ലെന്നും പൊലീസിന്റെ നീക്കം കുടുംബത്തിന് മനോവേദന ഉണ്ടാക്കിയെന്നും റൈഹാനത്ത് പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം യു.എ.പി.എ കേസില്‍ ജാമ്യത്തിലിരിക്കുന്ന സിദ്ദീഖ് കാപ്പന്‍ എല്ലാ വ്യവസ്ഥകളും പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും റൈഹാനത്ത് പരാതിയില്‍ പറഞ്ഞു.

അതേസമയം ഏപ്രില്‍ 12നുണ്ടായ പൊലീസ് സമീപനത്തില്‍ സിദ്ദിഖ് കാപ്പന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സാധാരണ പരിശോധനയാണെന്നാണ് പൊലീസുകാര്‍ പറഞ്ഞതെന്നും എന്നാല്‍ രാത്രി 12 മണിക്ക് ശേഷം താന്‍ വീട്ടിലുണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിട്ടില്ലെന്നും സിദ്ദിഖ് കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൊലീസ് അനാവശ്യമായി വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമായിട്ടാണ് അര്‍ധരാത്രി പരിശോധനയ്‌ക്കെത്തുമെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാട്ടുകാരെയടക്കം ഭീതിയിലാക്കിയാണ് പൊലീസ് മുന്നറിയിപ്പുമായി എത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി.

പൊലീസ് പറഞ്ഞതിനനുസരിച്ച് പരിശോധനയുണ്ടാകുമെന്ന് കരുതി രണ്ട് മണിവരെ കാത്തിരുന്നുവെന്നും ഭാര്യയും മക്കളുമടക്കം വീട്ടിലുണ്ടായിരുന്നുവെന്നും സിദ്ദിഖ് കാപ്പന്‍ പറയുകയുണ്ടായി. ജാമ്യവ്യവസ്ഥ കൃത്യമായി തന്നെ പാലിക്കുന്നുണ്ടെന്നും മാസത്തില്‍ രണ്ട് തവണ ലഖ്‌നൗ കോടതിയില്‍ പോവാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Mysterious visit to Siddique Kappan’s house; Family files complaint with DGP