2025 IPL
നാണംകെട്ട റെക്കോഡില്‍ സഞ്ജുവിന്റെ വിശ്വസ്തന്‍; കയ്യെത്തും ദൂരത്ത് വിജയമുണ്ടായിട്ടും ഇത്ര ഗതികെട്ട ഒരു ടീം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 03:52 am
Thursday, 17th April 2025, 9:22 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ഉയര്‍ത്തിയത്. അവസാന ഓവറിന് എത്തിയ സഞ്ജുവിന്റെ വിശ്വസ്ഥന്‍ സന്ദീപ് ശര്‍മയായിരുന്നു. ആദ്യ മൂന്ന് ഓവറില്‍ സന്ദീപ് 14 റണ്‍സ് വഴങ്ങിയിരുന്നു.

എന്നാല്‍ 20ാം ഓവറില്‍ എല്ലാം മാറിമറിഞ്ഞു, 31കാരനായ സന്ദീപ് ഒരു ഓവറില്‍ 19 റണ്‍സ് വഴങ്ങി. ഡി.സിയുടെ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഒരു സിക്‌സും ഒരു ഫോറുമാണ് താരത്തെ അടിച്ചത്. നാല് ഓവറില്‍ 33 റണ്‍സാണ് താരം വഴങ്ങിയത്. ഇതിനെല്ലാം പുറമെ ഒരു മോശം റെക്കോഡും സന്ദീപിന്റെ തലയില്‍ വീണിരിക്കുകയാണ്.

വലംകൈയ്യന്‍ ബൗളര്‍ നാല് വൈഡുകളും ഒരു നോ ബോളും ഉള്‍പ്പെടെ 11 പന്തുകളാണ് ഓവര്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറായിട്ടാണ് സന്ദീപിന്റെ ഓവര്‍ അവസാനിച്ചത്.

തുഷാര്‍ ദേശ്പാണ്ഡെ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഐ.പി.എല്ലില്‍ 11 പന്തുകള്‍ എറിഞ്ഞ മറ്റ് മൂന്ന് ബൗളര്‍മാര്‍, ഈ സീസണിന്റെ തുടക്കത്തിലാണ് സിറാജ് ഈ മോശം നേട്ടത്തില്‍ എത്തിയത്

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍, എതിരാളി, വര്‍ഷം

11 പന്തുകള്‍ – തുഷാര്‍ ദേശ്പാണ്ഡെ VS എല്‍എസ്ജി – 2023

11 പന്തുകള്‍ – മുഹമ്മദ് സിറാജ് VS മുംബൈ – 2023

11 പന്തുകള്‍ – ശര്‍ദുല്‍ താക്കൂര്‍ VS കൊല്‍ക്കത്ത – 2025

11 പന്തുകള്‍ – സന്ദീപ് ശര്‍മ VS ദല്‍ഹി – 2025

വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോറിലെത്തുകയായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമാണ് രാജസ്ഥാന് വേണ്ടി ക്രീസിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പിങ്ക് ആര്‍മി രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കാനും രാജസ്ഥനായില്ല. ദല്‍ഹിക്കായി പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു.

സൂപ്പര്‍ ഓവറില്‍ ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി. ഓവറില്‍ നാലാം പന്തില്‍ തന്നെ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി. ഒരു ഫോറും സിക്‌സും വഴങ്ങിയാണ് സന്ദീപിന്റെ ഓവര്‍ അവസാനിച്ചത്. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ വരുത്തിവെച്ച വലിയ പിഴവുകളാണ് തോല്‍വിയുടം പ്രധാന കാരണം.

Content Highlight: IPL 2025: Sandeep Sharma In Unwanted Record Achievement In IPL